ദോഹ: വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. റമദാനിൽ പള്ളിയിൽ പ്രാർഥന നടത്തുകയായിരുന്ന വിശ്വാസികളെ മർദിക്കുകയും ക്രൂരമായ അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേൽ അധിനിവേശ സേനകളുടെ പ്രവർത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ മന്ത്രിസഭ വ്യക്തമാക്കി.
ജറൂസലമിലെ ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് തുടരുന്ന ആക്രമണമെന്ന് വ്യക്തമാക്കിയ മന്ത്രിസഭ, വിശുദ്ധ മാസത്തിലെ പ്രവർത്തനങ്ങൾ 200 കോടിയോളം വരുന്ന ലോക മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടികാട്ടി.
അൽ അഖ്സ പള്ളിയിലും ഫലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേൽ തുടരുന്ന അധിനിവേശവും അതിക്രമങ്ങളും അന്താരാഷ്ട്ര ഉടമ്പടികളുടെയും സമാധാനം സ്ഥാപിക്കാനുള്ള മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിലയിരുത്തി. നിലവിലെ സംഭവവികാസങ്ങൾ മേഖലയുടെ തന്നെ സുരക്ഷയിലും സ്ഥിരതയിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പലസ്തീൻ ജനതയെയും മതപരമായ പ്രതീകങ്ങളെയും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരവും ഉറച്ചതുമായ നിലപാട് സ്വീകരിക്കുകയും അന്താരാഷ്ട്ര പ്രമേയങ്ങളെ മാനിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടണമെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദത സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും മന്ത്രിസഭ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.