ദോഹ: പൊന്നും വിലയെന്നും, പത്തരമാറ്റ് തിളക്കമെന്നുമെല്ലാം കേട്ടറിഞ്ഞവർക്ക് അത് കണ്ടറിയാനുള്ള വേദിയാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ പുരോഗമിക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ. വിലകേട്ടാൽ തൊട്ടുനോക്കാനും, കൈയിലെടുക്കാനും രണ്ടു വട്ടം ആലോചിക്കേണ്ടിവരും. സാധാരണക്കാരന് ഒരായുഷ്കാലത്തെ സമ്പാദ്യകൊണ്ടും സ്വന്തമാക്കാനാവാത്ത ആഭരണങ്ങളുടെ മഹാകലവറ. ചുരുക്കത്തിൽ ഇതൊക്കെയാണ് 18ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ.
കണ്ടും കേട്ടും പരിചയിച്ച ആഭരണങ്ങൾക്ക് അത്യാഡംബര ചന്തം നൽകിയാണ് ദോഹയിൽ രാജ്യാന്തര പ്രദർശനം തുടരുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500ഓളം ബ്രാൻഡുകൾ, 10ലേറെ രാജ്യങ്ങളുടെ പങ്കാളിത്തം, ആകർഷണീയമായ വിവിധ ഡിസൈനുകളുടെ ശേഖരം... ദശലക്ഷം റിയാലിെൻറ പ്രൈസ് ടാഗുകൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ നെെക്ലയ്സിനും വളക്കും വാച്ചിനുമെല്ലാം കോടികൾ വരും മൂല്യം. നൂതനവും സങ്കീര്‍ണവുമായ ഡിസൈനുകളിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളുമാണ് ഇത്തവണയും പ്രദര്‍ശനത്തിലെ ആകര്‍ഷണങ്ങള്‍.
തങ്ങളുടെ ഏറ്റവും സവിശേഷമായ ആഭരണഡിസൈനുകളാണ് മിക്ക ജ്വല്ലറികളും പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ചവയും സ്വര്‍ണവും വജ്രവും കോര്‍ത്തിണക്കിയുള്ളതും വൈറ്റ് ഗോള്‍ഡും പ്ലാറ്റിനവും ചേര്‍ത്തുള്ളതും വജ്രവും സ്വര്‍ണവും ഇന്ദ്രനീലം, റൂബി, മരതകം തുടങ്ങി അമൂല്യ രത്‌നകല്ലുകള്‍ പതിപ്പിച്ചതും തുടങ്ങി വ്യത്യസ്ത തരം ആഭരണങ്ങളും വാച്ചുകളുമാണുള്ളത്. ഒാരോ സ്റ്റാളുകളും പവലിയനുകളും ആവശ്യക്കാർക്ക് മുന്നിൽ അണിനിരത്തുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ... അവയിലൊന്നാണ് ഇറ്റാലിയൻ ആഭരണ നിർമാതാക്കളായ ലെട്രേഞ്ചിഞ്ചിെൻറ അപൂർവമായൊരു വാനിറ്റി ബാഗ്.
178 വജ്രകല്ലുകൾ പതിപ്പിച്ച, 18ഗ്രാം വൈറ്റ് ഗോൾഡിൽ തീർത്ത കൊച്ചുബാഗിെൻറ വിലകേട്ടാൽ അതിശയിക്കും. 39 ലക്ഷം റിയാൽ (8.27 കോടി രൂപ). സ്റ്റാൾ നിറയെ എക്സ്ക്ലൂസിവ് ശേഖരം കൊണ്ട് വിസ്മയിപ്പിച്ചാണ് ഫ്രഞ്ച് ഫാഷൻ ഹൗസായ ലൂയി വ്യൂട്ടൻ സന്ദർശകരെ വരവേൽക്കുന്നത്. ആരുടെയും കണ്ണുടയ്ക്കുന്നതാണ് ഗാലക്സിയുടെ മാതൃകയിൽ പലവിധം നിറങ്ങളിലായി ഇന്ദ്രനീലകല്ലുകളാൽ തിളങ്ങുന്ന സാറ്റൻ നെക്ലസ്.
186.42 കാരറ്റിലുള്ള സെറ്റിന് 53 ലക്ഷം റിയാലാണ് വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 11.24 കോടി രൂപ. ഇതിനു പുറമെ, ഖത്തറിെൻറ പാരമ്പര്യവും പ്രതീകവുമെല്ലാം തുന്നിച്ചേർത്ത അമൂല്യമായ ആഭരണ ശേഖരവുമുണ്ട്. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനം ശനിയാഴ്ച സമാപിക്കും. ആഭരണ പ്രേമികൾക്കും ആവശ്യക്കാർക്കും ഇഷ്ടമുള്ള ഇനങ്ങൾ സ്വന്തമാക്കാനും കണ്ടറിയാനുമുള്ള അവസരമായാണ് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ അരങ്ങേറുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.