മനോജ് കാന 

ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ് മനോജ് കാനക്ക്

ദോഹ: ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദിയുടെ 2019ലെ ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ് ചലച്ചിത്ര സംവിധായകന്‍ മനോജ് കാനക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, വി.ടി. മുരളി, ജി.പി. രാമചന്ദ്രന്‍, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർ‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് വിതരണം ദോഹയിൽ നടത്താനായിരുന്നു ഉദ്ദേശ്യമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അത് സാധ്യമല്ലാത്തതുകൊണ്ട്, ഈ മാസം അവസാനത്തോടെ കോഴിക്കോട്ട്​ നടക്കുന്ന പരിപാടിയില്‍ വിതരണം നടത്തും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജോണ്‍ അബ്രഹാം സാംസ്‌കാരികവേദി അവാര്‍ഡ് നല്‍കുന്നത്.

സിനിമാരംഗത്തെ ജനകീയമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്​ ഈ മേഖലയിൽ ഉയർന്നുവരുന്ന സിനിമാപ്രവർത്തകർക്ക്​ ഏർപ്പെടുത്തിയ അവാർഡാണ് ജോൺ അബ്രഹാം പ്രവാസി അവാർഡ്. ചായില്യം, അമീബ, കെഞ്ചിറ എന്നിവയാണ് മനോജ് കാനയുടെ സിനിമകള്‍. നാടകാവതരങ്ങളിലൂടെയും മറ്റുമായി സാമാന്യജനങ്ങളിൽനിന്ന് സമാഹരിക്കുന്ന പണംകൊണ്ടാണ് മനോജ് കാന ഈ മൂന്നു സിനിമകളും പൂര്‍ത്തിയാക്കിയത്. നിര്‍മാണ-വിതരണ-പ്രദര്‍ശന വേളകളിലാകെ ജനകീയമായ സമീപനമാണ് മനോജ് സ്വീകരിച്ചുവരുന്നത്. അതിനെ പിന്തുണക്കേണ്ട ഉത്തരവാദിത്തം പുരോഗമന ചിന്താഗതിക്കാര്‍ക്കാകെയുണ്ട്. ആ ധാര്‍മികബാധ്യത കൂടിയാണ് ഈ വര്‍ഷത്തെ ജോണ്‍ ഏബ്രഹം പ്രവാസി അവാര്‍ഡിന് മനോജ് കാനയെ തിരഞ്ഞെടുക്കുന്നതിലൂടെ ജോൺ അബ്രഹാം സാംസ്കാരികവേദിയും ജൂറിയും പ്രകടിപ്പിക്കുന്നത്.

സൈനുൽ ആബിദീൻ (സഫാരി ഗ്രൂപ് മാനേജിങ്​ ഡയറക്ടർ) രക്ഷാധികാരിയും അൻവർ ബാബു വടകര ചെയർമാനും ജോപ്പച്ചൻ തെക്കേക്കൂറ്റ് കൺവീനറും ശ്രീകല പ്രകാശൻ ട്രഷററുമായ സാംസ്കാരികവേദിയിൽ വി.സി. ബീജ, അഹ‌മ്മദ് പാതിരാപ്പറ്റ, എം.ടി. നിലമ്പൂർ, സുധീർ, ബിന്ദു കരുൺ, ഷീല ടോമി, ഷരീഫ് ചെരണ്ടത്തൂർ, മുസ്തഫ ഏലത്തൂർ, പ്രദോഷ് കുമാർ എന്നിവർ ഗവേണിങ്​ ബോഡി അംഗങ്ങളാണ്.  

Tags:    
News Summary - John Abraham Pravasi Award to Manoj Kana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.