ദോഹ: കാലിക്കറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഇറങ്ങാനാവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയ സംസ്ഥാന സർക്കാറിനും പാർലമെന്റ് അംഗങ്ങൾക്കും അഭിനന്ദനവുമായി ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്).
18.5 ഏക്കർ ലഭ്യമാക്കിയാൽ മതിയെന്ന കേന്ദ്ര വ്യാമയാന മന്ത്രി ജ്യോതിരാതിര്യ സിന്ധ്യ അടുത്തിടെ നടത്തിയ പാർലമെൻറ് പ്രസ്താവനയെത്തുടർന്നാണ് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ കേരള സർക്കാർ ത്വരിതഗതിയിലാക്കിയത്. അടിയന്തര നടപടികൾ സ്വീകരിക്കാൻ കായിക-വഖഫ് ഹജ്ജ് കാര്യമന്ത്രി വി. അബ്ദുൽ റഹ്മാനെ ചുമതലപ്പെടുത്തുകയുംചെയ്ത നടപടി അഭിനന്ദനാർഹമാണെന്ന് ഗപാഖ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ അറിയിച്ചു.
ഭൂമി ലഭ്യമാക്കിയില്ലെങ്കിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് എന്നെന്നേക്കും ഇല്ലാതാവുമെന്നും അതോടെ എയർപോർട്ട് വികസനവും പുരോഗതിയും ഇല്ലാതാവുമെന്നും ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കണമെന്ന് പാർലമെൻറിൽ ചർച്ച വന്ന ഉടൻ കേരള മുഖ്യമന്ത്രി, എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോട് ഗപാഖ് അഭ്യർഥിക്കുകയും അതിനായി പ്രവർത്തിച്ചു വരുകയുമായിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതോടെ, 2015 മുതൽ വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയ വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.