ദോഹ: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് 'ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ' ആവശ്യപ്പെട്ടു. പാർലമെൻറിൽ നടന്ന ചർച്ചയിൽ 18.5 ഏക്കർ ഭൂമി ലഭ്യമാക്കിയാൽ വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താൻ എയർപോർട്ടിന് അനുമതി നൽകാമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നൂറ് ഏക്കർ വേണമെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാൽ, അത്രയും വേണ്ടെന്നും ചുരുങ്ങിയത് 18.5 ഏക്കർ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം മാറിയ പശ്ചാത്തലത്തിൽ സ്ഥലമുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനുള്ള നടപടി സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണമെന്നും ഈ കാര്യത്തിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പരിസരവാസികൾ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും ഗപാഖ് അഭ്യർഥിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടി ഉണ്ടായില്ലെങ്കിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതടക്കമുള്ള വികസനങ്ങൾ എയർപോർട്ടിന് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ആശങ്കപ്പെടുന്നു. 2002 മുതൽ 2015 വരെ ജംബോ വിമാനങ്ങൾ അടക്കമുള്ള വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. പിന്നീട് 2016ൽ റൺവേ കാർപ്പറ്റിങ്ങിനായി വലിയ വിമാന സർവിസ് താൽക്കാലികമായി നിർത്തിവെക്കുകയും പിന്നീട് റൺവെ ബലക്ഷയം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയും 2020 ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തെ തുടർന്ന് ഈ കാര്യത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയുമായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി, ബന്ധപ്പെട്ട എം.പിമാർ തുടങ്ങിയവർക്ക് നിവേദനം അയക്കുകയും തുടർ നടപടികൾക്കായി പരിശ്രമം നടത്തുകയുമാണ് ഗപാഖ്. യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗസൈനിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, സുബൈർ ചെറുമോത്ത്, മുസ്തഫ ഏലത്തൂർ, മശ്ഹൂദ് തിരുത്തിയാട്, അമീൻ കൊടിയത്തൂർ, കരീം ഹാജി മേന്മുണ്ട, ഗഫൂർ കോഴിക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.