കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം

കരിപ്പൂർ വിമാനത്താവളം: വലിയ വിമാന വിലക്ക്​ നീളുന്നതിൽ പ്രവാസികൾക്ക്​ ആശങ്ക

ദോഹ: എയർ ഇന്ത്യ വിമാനാപകടത്തി​െൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ നീളുന്നു. ഖത്തർ എയർവേ​സ്​, സൗദി എയർലൈൻസ്​, എമിറേറ്റ്​സ്​, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ്​ കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങൾ പറത്താൻ അനുമതിയുണ്ടായിരുന്നത്​. സൗദിയയും എയർഇന്ത്യയും സർവിസ്​ ആരംഭിച്ചിരുന്നു. ഖത്തർ എയർവേ​സ്​ വലിയ വിമാനങ്ങളു​െട സർവിസ്​ ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ്​ വിമാനാപകടം ഉണ്ടാകുന്നതും വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം വന്നതും. ആഗസ്​റ്റ്​ ഏഴിന്​ അപകടത്തിൽപെട്ട എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം വലിയ വിമാനങ്ങളുടെ ഗണത്തിൽ ഉൾ​െപ്പടുന്നതല്ല. നാരോ ​േബാഡി വിഭാഗത്തിലുള്ള ബി 737 800 എന്ന ചെറിയ വിമാനമായിരുന്നു അത്​. അപകടത്തിനുശേഷം വിവിധ ഏജൻസികൾ പരിശോധനകൾ നടത്തിയെങ്കിലും വിമാനത്താവളത്തിന്​ സാ​ങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്നാണ്​ വിവരം. റൺവേയുടെ ടച്ച്​ ഡൗൺ പോയൻറിൽനിന്ന്​ 1200 മീറ്റർ പിന്നിട്ട ശേഷമാണ്​ വിമാനം ലാൻഡ്​​ ചെയ്​തത്​. ഇതാണ്​ അപകടത്തി​െൻറ കാരണമെന്നാണ്​ പ്രബലമായ നിഗമനം.

2002 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട്​. 2015ൽ റൺവേ നവീകരണത്തിനായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയ വിമാനങ്ങളു​െട സർവിസ്​ ഇല്ലാതായി. റൺവേ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും പിന്നീട്​ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ നീക്കിയിരുന്നില്ല.

ജനകീയ സമരമടക്കം ഉയർന്നതോടെയാണ്​ വീണ്ടും വലിയ വിമാനങ്ങൾക്ക്​ അനുമതി ലഭിക്കുന്നത്​. ഇതാണ്​ കഴിഞ്ഞ ആഗസ്​റ്റിലെ അപകടത്തി​െൻറ പശ്ചാത്തലത്തിൽ വീണ്ടും ഇല്ലാതായത്​. വിമാനത്താവളത്തിന്​ പ്രശ്​നങ്ങളുള്ളതായി നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയില്ല. എന്നിട്ടും വിലക്ക്​ തുടരുന്നതിൽ പ്രവാസികളടക്കം ആശങ്കയിലാണ്​. വിലക്ക്​ താൽക്കാലികമാണെന്നാണ്​ അധികൃതർ അറിയിച്ചിരുന്നത്​. എന്നാൽ, വിലക്ക്​ നീണ്ടുപോകുന്നത്​ കരിപ്പൂരിനെതിരെ കാലങ്ങളായുള്ള ഗൂഢനീക്കത്തി​െൻറ ഭാഗമാണെന്നും പ്രവാസികൾ സംശയിക്കുന്നുണ്ട്​.

കരിപ്പൂരിനോട്​ എന്നും അവഗണന

അന്താരാഷ്​ട്ര തലത്തിൽ അംഗീകരിക്ക​െപ്പട്ട ഒരു വിമാനത്താവളത്തിനുവേണ്ട ആവശ്യകതകൾ, സൗകര്യങ്ങൾ എന്നിവയെല്ലാം കരിപ്പൂരിനുണ്ട്​. എന്നാൽ, ഇത്​​ പരിശോധിക്കാതെയും അറിവില്ലാതെയും ചില നേതാക്കളും അധികൃതരും പ്രസ്​താവനകൾ നടത്തുന്നത്​ കരിപ്പൂരി​െൻറ കാര്യത്തിൽ എപ്പോഴും സംഭവിക്കുന്നുവെന്നും ആരോപണമുണ്ട്​. ആഗസ്​റ്റിലെ വിമാനദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ, കരിപ്പൂരിലെ വിമാനത്താവളത്തി​െൻറ റൺവേയാണ്​ അപകടകാരണമെന്ന്​ ആദ്യഘട്ടത്തിൽ മിക്കവരും പ്രചരിപ്പിച്ചു. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷ​െൻറ മാനദണ്ഡമനുസരിച്ചാണ്​ അമേരിക്കയിലേതൊഴിച്ച് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പ്രവർത്തിക്കുന്നത്​. ​അവരുടെ മാർഗനിർ​ദേശങ്ങളിൽ എവിടെയും 'ടേബിൾ ടോപ്'​ (മേശപ്പുറം) എന്നൊരു പ്രയോഗമില്ല. എന്നിട്ടും കരിപ്പൂരിൽ 'ടേബിൾ ടോപ്'​ റൺവേ ആയതിനാലാണ്​ ദുരന്തം സംഭവിച്ച​െതന്ന മട്ടിൽ ചിലർ ബോധപൂർവം കുപ്രചാരണം നടത്തി. പിന്നീട്​ ഇതല്ലെന്ന വിവരം പുറത്തുവന്നതോടെയാണ്​ ഇത്തരം പ്രചാരണങ്ങൾ അന്ന്​ കെട്ടടങ്ങിയത്​.

നേരത്തേ കോഴിക്കോട്​ വിമാനത്താവളത്തി​െൻറ റൺവേയുടെ നീളം വെറും 6000 അടി മാത്രമായിരുന്നു. ഒരു വലിയ വിമാനത്തിന്​ പറന്നിറങ്ങാൻ സാധാരണ ഗതിയിൽ 6000 അടി മതി. കരിപ്പൂർ വിമാനത്താവളത്തി​െൻറ റൺവേയുടെ നീളം 9000ത്തിൽ അധികം അടിയിലേക്ക്​ പിന്നീട്​ ഉയർത്തിയിരുന്നു. ഇതിനുശേഷമാണ്​ വലിയ വിമാനങ്ങൾക്ക്​ വീണ്ടും അനുമതി നൽകിയത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ 'ടേബിൾ ടോപ്​' എന്ന്​ അറിയപ്പെടുന്ന റൺവേയുണ്ട്​. അവിടങ്ങളിലൊക്കെ വിമാനങ്ങൾ വന്നിറങ്ങുകയും പറന്നുപൊങ്ങുകയും ചെയ്യുന്നുണ്ട്​.

എന്നാൽ, കരിപ്പൂർ വിമാനത്താവളത്തിൽ ടേബിൾ ടോപ്​ റൺവേ അപകടസാധ്യത കൂട്ടുന്നു എന്ന തരത്തിൽ കാലാകാലങ്ങളായി കുപ്രചാരണം നടക്കുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തി​െൻറ കാര്യത്തിലും കരിപ്പൂർ എന്നും മുന്നിലാണ്​. 2012 ജനുവരി മുതൽ മാർച്ച്​ വരെയുള്ള അർധപാദ വർഷത്തിൽ എയർപോർട്ട്​ കൗൺസിൽ ഇൻറർനാഷനൽ നടത്തിയ എയർപോർട്ട്​ സർവിസ്​ ക്വാളിറ്റി സർവേയിൽ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ രാജ്യ​െത്ത ഏറ്റവും മികച്ച വിമാനത്താവളമായി കരിപ്പൂർ വിമാനത്താവളത്തെ റേറ്റ്​ ചെയ്​തിരുന്നു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ പന്ത്രണ്ടാം സ്​ഥാനമാണ്​ കരിപ്പൂർ വിമാനത്താവളത്തിന്​ ഉണ്ടായിരുന്നത്​. റൺവേ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്​ 2015 മേയിൽ​ വലിയ വിമാനങ്ങൾക്ക്​ അനുമതി നിഷേധിച്ചതിനുശേഷം, കൂടുതൽ പ്രവാസികൾ ആശ്രയിച്ചിരുന്ന സൗദിയ, എമിറേറ്റ്​സ്​, എയർഇന്ത്യ വിമാനങ്ങൾ തങ്ങളു​െട സർവിസുകൾ നെടു​േമ്പാശ്ശേരിയിലേക്ക്​ മാറ്റുകയായിരുന്നു.ഇതിനാൽ സൗദിയിൽനിന്നടക്കമുള്ള മലബാറിലെ വലി​െയാരു വിഭാഗം പ്രവാസികൾക്ക്​ യാത്രക്ക്​ കരിപ്പൂരിനെ ഒഴിവാക്കേണ്ടിയും വന്നു.ഭാഗികമായ അടച്ചിടൽ മൂലം ഇന്ത്യയിലെ ഏറ്റവും തിര​ക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലെ 12ൽനിന്നും 16ലേക്ക്​ സ്​ഥാനം താഴ്​ന്നു.

കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ താൽക്കാലിക വിലക്ക്​ അനന്തമായി നീളുന്നത്​ വീണ്ടും ആശങ്കക്കിടയാക്കുകയാണ്​.അപകടത്തിന്​ ശേഷം കൊച്ചിയിലുള്ള ചിലർ കരിപ്പൂർ വിമാനത്താവളം അടച്ചുപൂട്ടണമെന്നാവശ്യ​െപ്പട്ട്​ കോടതിയെ സമീപിക്കുന്ന സ്​ഥിതിവരെയുണ്ടായി.വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ തുടരുന്നത്​ വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രവാസികളുടെ വലിയ യാത്രാസൗകര്യം ഇല്ലാതാക്കുമെന്ന ആശങ്കയും ഏറുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.