ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷത്തിന്റെ പ്രൗഢിയും പെരുമയും കത്താറയിലായിരുന്നു. വെടിക്കെട്ടും കലാപ്രകടനങ്ങളുമെല്ലാമായി കുടുംബങ്ങൾ മൂന്നുദിവസം ആഹ്ലാദിച്ചു. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിപുലമായ വിനോദപരിപാടികളായിരുന്നു പെരുന്നാളിനോടനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നത്.
‘ദി ഗാർഡൻ ഓഫ് ഡ്രീംസ്’ എന്ന നാടകം ഉൾപ്പെടെ സംഗീത-നാടക പ്രദർശനങ്ങൾ അടക്കം നിരവധി പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്. ചൈന, സിറിയ, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളിൽനിന്നും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള കലാസംഘങ്ങളുടെ പ്രകടനവും പരമ്പരാഗത ഖത്തരി അർദ നൃത്തവും പൊലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക പ്രദർശനവും കത്താറയിലെ ആഘോഷത്തിന് പൊലിമയേറ്റി. ്രീഡി ചിത്രപ്രദർശനവും ശ്രദ്ധയാകർഷിക്കപ്പെട്ടു. അതേസമയം, സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി വൈകീട്ട് കതാറയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് ബാച്ചിലേഴ്സിന് നിരാശയുണ്ടാക്കി. കുടുംബങ്ങൾക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടും വൻ ജനപങ്കാളിത്തമുണ്ടായി.
വർണങ്ങൾ ചിന്നിച്ചിതറിയ കരിമരുന്ന് പ്രയോഗം തന്നെയായിരുന്നു ഏറ്റവും വലിയ ആകർഷണം. വെടിക്കെട്ട് ദൃശ്യമായ പരിസരപ്രദേശങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. മെട്രോയിലും വൈകീട്ട് നല്ല തിരക്ക് അനുഭവപ്പെട്ടു. ബീച്ചിലും വൈകീട്ട് മൂന്നുമുതൽ രാത്രി 11വരെ ജന ബാഹുല്യമുണ്ടായിരുന്നു. കുടുംബങ്ങൾ ആഘോഷം ആസ്വാദ്യകരമാക്കാൻ അധികൃതർ മികച്ച ക്രമീകരണമാണ് ഒരുക്കിയത്. ചിത്രരചന, നിറം നൽകൽ, കരകൗശല വസ്തുക്കളുടെ നിർമാണം, ഒറിഗാമി തുടങ്ങിയവയിൽ കുട്ടികൾക്കായി ശിൽപശാലയും മത്സരവും നടത്തി. തെരുവീഥികളിൽ കാറുകളിൽ സന്ദർശകർക്കായി ഈദിയ്യ (ഈദ് സമ്മാനങ്ങൾ) വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.