ദോഹ: ഖത്തർ പ്രവാസ ലോകത്തെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം നേതൃത്വത്തിൽ വ്യാപാര ലോകത്തെ പുതിയ മേച്ചിൽപുറങ്ങൾ പരിചയപ്പെടുത്തുന്ന ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. 'എക്സ്പ്ലോർ അൺ എക്സ്പ്ലോർഡ്' എന്ന തലക്കെട്ടിൽ മാർച്ച് രണ്ടിന് വെസ്റ്റിൻ ഹോട്ടലിൽ നടക്കുന്ന മീറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയാവും. വൈകീട്ട് ആറ് മുതൽ 10 മണിവരെയാണ് പരിപാടി. കോവിഡാനന്തര കാലത്ത് വ്യാപാര-വാണിജ്യ മേഖലകളുടെ പുതിയ ചക്രവാളങ്ങൾ തേടുന്ന മലയാളി സംരംഭകർക്ക് വിവിധ രാജ്യങ്ങളിലെ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് മീറ്റിന്‍റെ ലക്ഷ്യം.
ഖത്തറിലെ കെനിൻ അംബാസഡർ വാഷിങ്ടൺ എ ഒലൂ, റുവാൻഡൻ അംബാസഡർ ഫ്രാങ്കോയിസ് എൻകുലിയിഫുറ, ടാൻസാനി അംബാസഡർ മഹദി ജുമാ മാലിം എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഖത്തറിലെ വ്യാവസായിക പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. സി.എ. ഗോപാൽ ബാലസുബ്രമണ്യനാണ് ചർച്ചയുടെ മോഡറേറ്റർ. ആഫ്രിക്കൻ രാജ്യങ്ങളുമായി വ്യാപാര സാധ്യതകൾ തേടുന്ന മലയാളി സംരംഭകർക്ക് ചർച്ച ഫലപ്രദമാകുമെന്ന് സംഘാടകർ പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡൻറുമായ ഡോ. മോഹൻ തോമസിനെ ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 55806699 / 33576448 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.