ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം ഓണം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ അറുന്നൂറോളം ആളുകൾ ഒത്തുചേർന്നു. തുമാമാ അത്ലലൻ സ്പോർട്സ് സെന്ററിൽ നടന്ന ആഘോഷ ചടങ്ങിൽ, പൂക്കള മത്സരം, വടംവലി, ഉറിയടി എന്നിവ കൂടാതെ, ചെണ്ടമേളം, തിരുവാതിര, വള്ളപ്പാട്ട്, നാടൻ പാട്ട്, കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി.
ചെന്നൈ കലാക്ഷേത്ര സൂര്യ അവതരിപ്പിച്ച നൃത്തോത്സവം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അംബാസഡർ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ, ജനറൽ സെക്രട്ടറി മൻസൂർ മൊയ്തീൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
അപെക്സ് ബോഡി സംഘടന ഭാരവാഹികളായ ജാഫർ സാദിഖ്, എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു. രാവിലെ എട്ടു മണിക്ക്, പൂക്കള മത്സരത്തോടുകൂടി തുടങ്ങിയ പരിപാടികൾ, വൈകീട്ട് ഏഴു മണിയോടെ നാടൻപാട്ടും കലാശക്കൊട്ടുമായി അവസാനിച്ചു.
കെ.ബി.എഫ് കുടുംബങ്ങൾക്കായി നടത്തിയ പൂക്കള മത്സരത്തിൽ, ഷിംനയുടെ നേതൃത്വത്തിലുള്ള ശ്രാവണം ടീം ഒന്നാം സമ്മാനം നേടി. ആരവം (ടീന ആൻഡ് ടീം), ആവണി (സിനിൽ ജോർജ് ആൻഡ് ടീം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. വടംവലി മത്സരത്തിൽ സോണി എബ്രഹാം ക്യാപ്റ്റനായ ഗജരാജ കൊമ്പൻസ് ഒന്നാം സമ്മാനം നേടി. പരിപാടിയിൽ മൻസൂർ മൊയ്തീൻ സ്വാഗതവും, നൂറുൽഹഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.