ഖത്തറിന്റെ മാനുഷിക സേവനകേന്ദ്രമായ ഖത്തർ ചാരിറ്റിയുടെ തുടക്കം മുതൽ കഴിഞ്ഞ ദിവസംവരെ കൂടെ സഞ്ചരിച്ച കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അന്ത്രുട്ടിക്കയെന്ന കെ.സി. അബ്ദുറഹ്മാന്റെ മരണം ഇന്ത്യൻ പ്രവാസികൾക്കെന്നപോലെ സ്വദേശികൾക്കും വലിയ ദുഃഖമാണ് നൽകിയത്. തിങ്കളാഴ്ചവരെ ജോലിയിലുണ്ടായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലർച്ചയായിരുന്നു ഹൃദയാഘാതംമൂലം മരണപ്പെട്ടത്.
1991ൽ ‘ലജ്നത് ഖത്തർ ലി മശ്റൂഇ കാഫിലിൽ യതീം’ എന്ന പേരിൽ ജീവകാരുണ്യ മേഖലയിലെ വലിയൊരു പ്രസ്ഥാനമായി ഖത്തർ ചാരിറ്റി തുടക്കം കുറിക്കുമ്പോൾതന്നെ കെ.സി. അബ്ദുറഹ്മാൻ അതിനൊപ്പമുണ്ടായിരുന്നു. ചാരിറ്റിയുടെ സ്ഥാപകനായ അനാഥകളുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുല്ല അദ്ദാബ്ബാഗിന്റെ കൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.
ബോസ്നിയയിൽ ആക്രമണം ശക്തമായി തുടരുന്ന സന്ദർഭത്തിലാണ് ശൈഖ് ദബ്ബാഗും അബ്ദുറഹ്മാനും സഹായവുമായി അങ്ങോട്ട് പോയത്. റഷ്യയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പോയ ഇസ്ലാമിക രാഷ്ട്രങ്ങളിൽ അക്കാലത്ത് ഖത്തർ ചാരിറ്റി പ്രത്യക സഹായങ്ങൾ എത്തിച്ചിരുന്നു.
ഇന്ത്യയുമായി ഖത്തർ ചാരിറ്റിയെ ബന്ധിപ്പിക്കുന്നതിൽ അബ്ദുറഹ്മാൻ വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ചാരിറ്റിയുമായി ബന്ധിപ്പിച്ചിരുന്നതും അദ്ദേഹമായിരുന്നു.
അനാഥകളെ സംരക്ഷിക്കുന്ന വിഷയത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ച അബ്ദുറഹ്മാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷിക്കാൻ ആരോരുമില്ലാത്ത ആയിരങ്ങൾക്ക് ഖത്തർ ചാരിറ്റി വഴി തണലായി മാറി. ശൈഖ് ദബ്ബാഗിൽനിന്ന് ലഭിച്ച ശിക്ഷണമായിരിക്കാം അദ്ദേഹത്തിന് ശേഷവും അനാഥർക്ക് നേരത്തേ നൽകിയിരുന്ന പിന്തുണ തുടരാൻ അദ്ദേഹത്തിന് പ്രചോദനമായത്.
കഴിഞ്ഞവർഷം ഖത്തർ ചാരിറ്റി തുടക്കം കുറിച്ച ഏഷ്യക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ടിന്റെ പിന്നിലും അബ്ദുറഹ്മാന്റെ കഠിനമായ പരിശ്രമമുണ്ടായിരുന്നു. ഖത്തറിൽ ജീവിക്കുന്ന പ്രവാസികളായ ഏഷ്യൻ വംശജർക്കുവേണ്ടി സ്ഥാപിച്ച ഫണ്ടിന്റെ നടത്തിപ്പ് കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം.
മൂന്ന് വ്യാഴവട്ടക്കാലത്തെ ഖത്തർ ചാരിറ്റിയിലെ ജോലി അദ്ദേഹത്തിന് ജീവിതോപാധി മാത്രമായിരുന്നില്ല, തന്റെ വിശ്വാസത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു. തൊഴിലിനൊപ്പം ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന മേഖലകളിലും കെ.സി സജീവമായിരുന്നു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി-ഖത്തര്‍ (സി.ഐ.സി), പ്രവാസി വെല്‍ഫെയര്‍ ആൻഡ് കള്‍ച്ചറല്‍ ഫോറം, മാക് ഖത്തര്‍, ഖിയ ഖത്തർ, അസോസിയേഷന് ഓഫ് ചേന്ദമംഗല്ലൂര്‍ എക്സ്പാട്രിയറ്റ്സ്-ഖത്തര്‍ (എയ്സ്) തുടങ്ങിയ വേദികളിൽ മികച്ച സംഘടനാപാടവവുമായി നിറഞ്ഞു.
പരിശുദ്ധ റമദാനിന്റെ പുണ്യദിനങ്ങളെ കൂടുതൽ ധന്യമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് നാഥൻ അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. അള്ളാഹു സ്വർഗീയ ജീവിതം പ്രദാനം ചെയ്യുമാറാകട്ടേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.