ദോ ഹ: നവംബർ ഒമ്പതിന് കിക്കോഫ് കുറിക്കുന്ന ‘ഖിഫ്’ അന്തർ ജില്ല ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പുറത്തിറക്കി. ഖത്തറിലെ വിവിധ ജില്ല സംഘടനകളെ പ്രതിനിധാനംചെയ്ത് എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നാലു വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായിട്ടാണ് മാറ്റുരക്കുക.
കെ.എം.സി.സി മലപ്പുറം, വയനാട് കൂട്ടം, കെ.എം.സി.സി കണ്ണൂർ, കെ.എം.സി.സി പാലക്കാട് ടീമുകൾ എ ഗ്രൂപ്പിലും തൃശൂർ ജില്ല സൗഹൃദ വേദി, യുനൈറ്റഡ് എറണാകുളം, ദിവ കാസർകോട്, ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ടീമുകൾ ബി ഗ്രൂപ്പിലും അണിനിരക്കും. ലീഗ് അടിസ്ഥാനത്തിലുള്ള പ്രാഥമിക റൗണ്ടിന് ശേഷം നോക്കൗട്ട് അടിസ്ഥാനത്തിലുള്ള രണ്ടാം റൗണ്ടും സെമി ഫൈനലും നടക്കും. ഡിസംബർ 15 നാണ് ഫൈനൽ.
സിറ്റി എക്സ്ചേഞ്ച് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറായിരിക്കും. സൈതൂൻ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഖിഫ് പാട്രൺ വി.എം. ഹംസ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദിൽനിന്ന് സ്പോൺസർഷിപ് പത്രിക ഏറ്റുവാങ്ങി. മുഹമ്മദ് ഹുസൈൻ വാണിമേലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ടൂർണമെന്റിനാവശ്യമായ വൈദ്യസഹായം നൽകും.
ചടങ്ങിൽ ഖിഫ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് ഷമീൻ, ടെക്നിക്കൽ ഇൻചാർജ് അബ്ദുറഹീം, സുഹൈൽ ശാന്തപുരം, റിസ് വാൻ, ഹംസ പെരിങ്ങത്തൂർ എന്നിവർ ഫിക്സ്ചർ റിലീസിങ് നടത്തി. ഖിഫ് ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, അസോസിയേറ്റഡ് അംഗങ്ങൾ, ക്യു.എഫ്.എ പ്രതിനിധി അബ്ദുൽ അസീസ്, ടീം മാനേജർമാർ, മെഡിക്കൽ ടീമംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.