ദോഹ: പലനിറങ്ങളും രൂപവും വലുപ്പവുമായി പട്ടങ്ങൾ ആകാശം നിറയുന്ന ആഘോഷ നാളിനെ വരവേൽക്കാനൊരുങ്ങി ഖത്തർ. രാജ്യം വേദിയാവുന്ന പ്രഥമ ‘കൈറ്റ് ഫെസ്റ്റിവലിന്’മാർച്ച് 16ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ) വേദിയാവും. പാർക്കിലെ റിച്ചാർഡ് സെറയുടെ ഏഴ് ശിൽപത്തോട് ചേർന്നുള്ള കുന്നുകളിൽ നടക്കുന്ന പട്ടം പറത്തിൽ ഉത്സവത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഫഷനൽ പട്ടംപറത്തലുകാർ പങ്കെടുക്കും.
ഫ്രാൻസ്, ഇന്തോനേഷ്യ, ഇന്ത്യ, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, തുർക്കിയ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പറത്തുന്ന വൈവിധ്യമാർന്ന പട്ടങ്ങളുടെ മിന്നുന്ന നിര തന്നെ പങ്കെടുക്കും.
രാത്രിയിൽ ദോഹയുടെ ആകാശത്ത് അവയുടെ എൽ.ഇ.ഡി പ്രഭയുമുണ്ടാവും. റീഗൻ ടെറ്റ്ലോ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും ഖത്തർ പട്ടംപറത്തൽ മേളയോടുബന്ധിച്ച് നടക്കും.
മാർച്ച് 16ന് വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയും, 17ന് ഉച്ച രണ്ടുമുതൽ രാത്രി ഒമ്പതുവരെയും, 18ന് രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയുമായിരിക്കും മേള.കുട്ടികൾക്കായി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന്റെ പ്രവേശന കവാടത്തോടുചേർന്ന് ഇൻഫ്ലാറ്റബിൾ ഗെയിംസ് ഏരിയ സ്ഥാപിക്കും. കൂടാതെ അൽ റിവാഖ് ഗാലറിക്ക് മുൻവശത്തായും മിയ പാർക്ക് കുന്നുകൾക്കിടയിലെ നടവഴിയിലുമായി രണ്ട് പട്ടം നിർമാണ ശിൽപശാലകളും സംഘടിപ്പിക്കും.
അഞ്ചാം വയസ്സിൽ പാകിസ്താനി ഫൈറ്റർ പട്ടം നിർമിക്കാൻ പഠിച്ച് പ്രഫഷനൽ പട്ടം പറത്തലുകാരനായ ഇഖ്ബാൽ ഹുസൈനാണ് ശിൽപശാലക്ക് നേതൃത്വം നൽകുക. മുളകൊണ്ടും പുനഃസംസ്കരിച്ചെടുത്ത ജാപ്പനീസ് വാഷിപേപ്പർ കൊണ്ടും പട്ടം നിർമിക്കാൻ വിദഗ്ധനാണ് ഇഖ്ബാൽ ഹുസൈൻ.
എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും അവരുടെ സ്വന്തം പട്ടം വരക്കാനും നിർമിക്കാനും പെയിന്റ് ചെയ്യാനും ശിൽപശാലയിൽ അവസരം നൽകും. പരിസ്ഥിതി സൗഹൃദ പേപ്പറുകളും ബയോഡീഗ്രേഡബിൾ വസ്തുക്കളും ഉപയോഗിച്ച് എങ്ങനെ പട്ടം നിർമിക്കാമെന്നും ശിൽപശാലയിലൂടെ കുട്ടികളെ അഭ്യസിപ്പിക്കും. കുട്ടികളുടെ വിനോദത്തോടൊപ്പം രുചിവൈവിധ്യങ്ങളുടെ ഭക്ഷണ, പാനീയ കിയോസ്കുകളും മേളയോടനുബന്ധിച്ച് പ്രവർത്തിക്കും.സേഫ് ഫ്ലൈറ്റ് സൊലൂഷ്യൻസും അസ്ഫാരി ഡോട്കോമും ചേർന്നാണ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.