ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ സെമിനാറിൽ പങ്കെടുത്ത് എഴുത്തിനെയും വായനയെയും സ്വപ്നങ്ങളെയുംകുറിച്ച് വാചാലയായി ദോഹയിലെ കുഞ്ഞെഴുത്തുകാരി ലൈബ അബ്ദുൽ ബാസിത്.‘എഴുത്തിലെ യുവമാതൃക’ ശീർഷകത്തിൽ ഞായറാഴ്ച നടന്ന ചർച്ചയിലായിരുന്നു മലയാളി വിദ്യാർഥിയായ ലൈബ പങ്കെടുത്തത്.
പ്രഫ. ദാഹിർ അയ്ദിൻ ദർകൗഷി മോഡറേറ്ററായി. ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന നിലയിൽ ലോക റെക്കോഡിന് ഉടമയായ ലൈബ അബ്ദുൽ ബാസിത് എന്ന് വിശേഷിപ്പിച്ചായിരുന്നു മോഡറേറ്റർ ലൈബയെ സദസ്സിന് പരിചയപ്പെടുത്തിയത്. എഴുത്തുകാരും പുസ്തകപ്രേമികളുമായ വലിയൊരു സദസ്സിനു മുന്നിൽ തന്റെ എഴുത്തനുഭവങ്ങൾ ലൈവ പങ്കുവെച്ചു.
വായനയായിരുന്നു ഏറ്റവും വലിയ ഹോബി, വായനയിലൂടെ പതിയെ എഴുത്തും തുടങ്ങി. മാതാപിതാക്കളും പിതാമഹാന്മാരും വായനക്കും എഴുത്തിനും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു -ലൈബ തന്റെ എഴുത്തുവഴികളെക്കുറിച്ച് പറഞ്ഞു.ഓർഡർ ഓഫ് ഗാലക്സി എന്ന പേരിൽ മൂന്ന് പരമ്പരകളിലായി എഴുതിയ പുസ്തകങ്ങളിലെ കഥകളും കഥാപാത്രങ്ങളെ കണ്ടെത്തിയ അനുഭവവും തന്റെ വായനയും താൻ ഉൾപ്പെടുന്ന തലമുറയുടെ പുസ്തകാഭിരുചികളുമെല്ലാം ലൈബ സദസ്സുമായി പങ്കുവെച്ചു.
ചെറുപ്രായത്തിൽതന്നെ എഴുത്ത് ശീലമാക്കിയ ലൈബയെത്തേടി കഴിഞ്ഞ ജൂലൈയിലാണ് പ്രായം കുറഞ്ഞ ബുക്ക് സീരീസ് എഴുത്തുകാരി എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോഡ് എത്തിയത്. 10 വയസ്സും 164 ദിവസം പ്രായത്തിനുമിടയിലായിരുന്നു മൂന്ന് പുസ്തകവും എഴുതി പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.