ദോഹ:ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയായ ഇന്ന് ഖത്തറിന് ദേശീയ കായികദിനം. കോവിഡ് മഹാമാരിക്കിടയിലും പൗരന്മാരോടും പ്രവാസി സമൂഹത്തോടും ശാരീരിക ക്ഷമത നിലനിർത്തി, ആരോഗ്യം സുരക്ഷിതമാക്കണമെന്ന സന്ദേശവുമായാണ് ഖത്തറിന്‍റെ കായികദിനമെത്തുന്നത്. ഒമിക്രോൺ വ്യാപനം കാരണം പൊതുഇടങ്ങളിലെ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വലിയ കരുതലോടെയാണ് ലോകകപ്പ് വർഷത്തെ കായിക ദിനം ആചരിക്കുന്നത്.
'സ്‌പോര്‍ട്‌സ് ഈസ് ലൈഫ്' എന്നതാണ് ഈ വർഷത്തെ കായികദിന മുദ്രാവാക്യം. കഴിഞ്ഞ ദിവസം കായിക -യുവജന മന്ത്രാലയത്തിലെ സ്പോർട്സ് ഡേ കമ്മിറ്റിയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും ആത്മവിശ്വാസം വർധിപ്പിക്കാനും ഏകാന്തതയിൽനിന്ന് മോചനം നേടാനും സ്പോർട്സാണ് ഏറ്റവും മികച്ച വഴിയെന്ന നിലയിലാണ് ഇത്തരമൊരു സന്ദേശം ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രാലയം ഉപദേഷ്ടാവ് അബ്ദുൽറഹ്മാൻ അൽ ദോസരി പറഞ്ഞു. ഒരു വർഷത്തെ വിപുലമായ പരിപാടികളുമായാണ് സ്പോർട്സ് ഡേയെ രാജ്യം വരവേൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഷത്തെ കായിക കലണ്ടറിൽ 575 ഇന പരിപാടികളാണ് ഷെഡ്യൂൾ ചെയ്തത്. ഇന്ന് ദേശീയ കായികദിനം •കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷംവിവിധ ഫെഡറേഷനുകളുടെ കീഴിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇവ നടക്കും. ഖത്തറിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും വിപുലമായ സ്പോർട്സ് കലണ്ടറാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശികളുടെയും വിദേശികളുടെയും കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ററിന്‍റെയും വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുടെയും നേതൃത്വത്തിൽ വൈവിധ്യമാര്‍ന്ന പരിപാടികൾ ആസൂത്രം ചെയ്തിട്ടുണ്ട്. ബിര്‍ല പബ്ലിക് സ്‌കൂളിലും ഏഷ്യന്‍ ടൗണിലുമാണ് പരിപാടികള്‍ നടക്കുക.
കളിക്കാം; സുരക്ഷിതരായിരിക്കാം
കോവിഡിനിടയിൽ കായിക ദിനാഘോഷത്തിനിറങ്ങുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ ഓർമപ്പെടുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മാർഗ നിർദേശവും പുറത്തിറക്കി. വാക്സിനേഷൻ സ്വീകരിക്കാത്തവർ കോവിഡ് ഭേദമായതിന്‍റെയോ, അല്ലെങ്കിൽ റാപിഡ് ആന്‍റിജൻ നെഗറ്റിവ് റിപ്പോർട്ടോ കാണിച്ചു മാത്രമേ കായികദിന പരിപാടികളിൽ പങ്കെടുക്കാൻ പാടുള്ളൂ.
രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വ്യക്തിഗത വിഭാഗങ്ങളിലെയും ടീം വിഭാഗങ്ങളിലെയും മത്സരങ്ങളും പരിപാടികളും തുറന്ന സ്ഥലങ്ങളിൽ (ഓപൺ എയർ) മാത്രമായേ നടത്താവൂ. 15ൽ കൂടുതൽ പേർ ഒരു ഇനങ്ങളിലും പങ്കെടുക്കാൻ പാടില്ല. ഇവർ വാക്സിനേഷൻ സ്വീകരിച്ചവരും ആയിരിക്കണം. വാക്സിൻ സ്വീകരിക്കാത്ത അഞ്ചുപേർക്ക് വരെ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. 12ന് താഴെ പ്രായമുള്ളവർക്കും പങ്കെടുക്ക് വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാൻ മാത്രമാണ് അനുവാദം. മത്സരങ്ങളിൽ പങ്കെടുക്കുന്നവരും മറ്റും ഒരു മീറ്ററിൽ കുറയാത്ത സുരക്ഷിതമായ സാമൂഹിക അകലം പാലിക്കമെന്നും നിർദേശിച്ചു. കാണികൾ, സംഘാടകർ, മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരും മാസ്ക് അണിയണം. മത്സരാർഥികൾക്ക് തങ്ങളുടെ ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം മാസ്ക് മാറ്റിവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.