ദോഹ: ലോകത്തെ ദ്രവീകൃത പ്രകൃതിവാതകവിപണി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഖത്തറിന്റെയും അമേരിക്കയുടെയും പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് പഠനറിപ്പോർട്ട്. വരാനിരിക്കുന്ന വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലാവും എൽ.എൻ.ജി ഉൽപാദനത്തിലും വിപണനത്തിലും പ്രധാന മത്സരമെന്ന് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ‘വുഡ് മകൻസി’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഊര്‍ജ, ഖനന മേഖലയില്‍ ഡേറ്റ ശേഖരണം നടത്തുന്ന സ്ഥാപനമാണ് വുഡ് മകൻസി. ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയുടെ 40 ശതമാനം ഇപ്പോള്‍ അമേരിക്കയും ഖത്തറുമാണ് കൈയടക്കിയിരിക്കുന്നത്. 2040ഓടെ ഈ രാജ്യങ്ങളുടെ വിപണി ഓഹരി 60 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കാനഡയിലെ വാൻകൂവറില്‍ നടന്ന എൽ.എൻ.ജി സമ്മേളനത്തില്‍ 2029 ഓടെതന്നെ മാര്‍ക്കറ്റിന്റെ 40 ശതമാനം വിഹിതം ഖത്തറിന്റേതാകുമെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രി പ്രഖ്യാപിച്ചിരുന്നു.
നോര്‍ത്ത് ഫീല്‍ഡ് പ്രോജക്ടില്‍നിന്നുള്ള ഇന്ധനം ലഭിച്ചുതുടങ്ങുന്നതോടെ ഖത്തറിന്റെ ഉല്പാദനം ഗണ്യമായി കൂടും. നിലവിലെ ഉല്പാദനത്തേക്കാള് പ്രതിവര്‍ഷം 100 ദശലക്ഷം മെട്രിക് ടണ്‍കൂടി ആഗോള തലത്തില്‍ ആവശ്യകതയുണ്ടെന്നാണ് വിലയിരുത്തല്‍. യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍നിന്ന് വലിയ ആവശ്യകതയുണ്ടെങ്കിലും ഏഷ്യതന്നെയായിരിക്കും എൽ.എൻ.ജിയുടെ സ്ഥായിയായ മാര്‍ക്കറ്റ്.
വിപണിയില്‍ വരും വര്‍ഷങ്ങളില്‍ ഖത്തറിനും അമേരിക്കക്കും വെല്ലുവിളി ഉയര്‍ത്തി കാനഡ കറുത്ത കുതിരകളാകുമെന്നും വുഡ്മാകിലെ വിദഗ്ധര്‍ അനുമാനിക്കുന്നു. വരുംവർഷങ്ങളിൽ കൂടുതൽ രാജ്യങ്ങൾ എൽ.എൻ.ജിയെ മുഖ്യ ഊർജസ്രോതസ്സായി കണക്കാക്കുന്നതോടെ വിപണിയിലെ ആവശ്യം പതിന്മടങ്ങായി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.