ദോഹ: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കേരളം വോട്ട് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, പ്രവാസി മലയാളികൾക്കിടയിൽ വോട്ടുറപ്പിക്കാനുള്ള പ്രചാരണവുമായി വിവിധ കക്ഷികളും സജീവം. എൽ.ഡി.എഫ്, യു.ഡി.എഫ് ആഭിമുഖ്യം പുലർത്തുന്ന പ്രവാസി കൂട്ടായ്മകളായണ് നാട്ടിൽനിന്നും സ്ഥാനാർഥികളെ ഓൺലൈനിൽ പങ്കെടുപ്പിച്ചും നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കിയും പ്രചാരണം ഊർജിതമാക്കുന്നത്. ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ‘ഇന്ത്യ 2024’ എന്ന പേരിൽ 20 മണ്ഡലങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടന്നു.
മോഡേൺ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച യുവജന കൺവെൻഷൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ പൈതൃകങ്ങളുടെയെല്ലാം അടിസ്ഥാനം നാനാത്വത്തിൽ ഏകത്വമാണെന്നും, അത് ഇപ്പോഴുള്ള ഫാഷിസ്റ്റ് ഗവണ്മെന്റ് നശിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോൺഗ്രസ് പ്രകടന പത്രിക വിതരണോദ്ഘാടനം ഇൻകാസ് സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, സലീം നാലകത്തിന് നൽകി നിർവഹിച്ചു.
കേരള കോൺഗ്രസ് നേതാവ് അനീഷ് സ്റ്റീഫൻ, ഇൻകാസ് രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, നേതാക്കളായ ഷിബു സുകുമാരൻ, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സിജോ നിലമ്പൂർ എന്നിവർ സംസാരിച്ചു. ഇൻകാസ് യൂത്ത് വിങ് ജനറൽ സെക്രട്ടറി ജിൻസ് ജോസ് സ്വാഗതവും, ട്രഷറർ റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഓൺലൈനായി കൺവെൻഷനിൽ സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും, വിവിധ ജില്ല കമ്മിറ്റികളുടെയും, വനിത വിങ് - യൂത്ത് വിങ് ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.