ദോഹ: ഖത്തറിൻെറ കായിക പരിശീലന രംഗത്തെ പ്രമുഖരായ ആസ്പയർ സോൺ ഫൗണ്ടേഷൻെറ ഔദ്യോഗിക സ്പോൺസർഷിപ് ഇനി ലുലു ഹൈപ്പർ മാർക്കറ്റിന്. രണ്ടു വർഷത്തേക്കാണ് കരാർ. ആസ്പയർ സോൺ ഫൗണ്ടേഷൻ ഓഫിസിൽ നടന്ന ചടങ്ങിൽ ആസ്പയർ ലോജിസ്റ്റിക്സ് ഡയറക്ടർ ജനറൽ അബ്ദുല്ല നാസർ അൽ നെയ്മി, ലുലു ഗ്രൂപ് ഇൻറർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. 2021, 2022 വർഷങ്ങളിൽ ആസ്പയർ സോൺ ഫൗണ്ടേഷൻെറ കായിക, കമ്യൂണിറ്റി പരിപാടികൾക്ക് ലുലു ഹൈപ്പർമാർക്കറ്റ് സ്പോൺസർമാരാവും.
''ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പുമായി കരാർ ഒപ്പിടുന്നതിൽ സന്തുഷ്ടരാണ്'' -ആസ്പയർ ലോജിസ്റ്റിക്സ് ഡയറക്ടർ ജനറൽ അബ്ദുല്ല നാസർ അൽ നേമി പറഞ്ഞു. ജി.സി.സിയിൽ 211 ഔട്ട്ലെറ്റുകളുള്ള ലുലു, മധ്യേഷ്യയിലെ റീട്ടെയിൽ വ്യാപരരംഗത്തെ അതിപ്രശസ്തമാണ്.
''കായിക രംഗത്ത് ലോകത്തിലെ തന്നെ മികവുറ്റ കേന്ദ്രമായി മാറിയ ആസ്പയർ ഫൗണ്ടേഷനുമായി സഹകരിക്കുന്നത് ഞങ്ങൾക്ക് ബഹുമതിയാണ്. ചെറുപ്പക്കാർക്കിടയിൽ സജീവവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ഈ പങ്കാളിത്തത്തിനു ഒരു വലിയ പങ്കുണ്ട്. വരും നാളിൽ ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആസ്പയർ സോണുമായി മികച്ച സഹകരണം ഉറപ്പുവരുത്തും'' -ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു.
ഇന്ത്യയിൽനിന്ന് കായിക താരങ്ങളെ ഖത്തറിൽ കൊണ്ടുവന്നു മികച്ച പരിശീലനം നൽകുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആസ്പയർ സോൺ ഫൗണ്ടേഷൻ അധികൃതർ, ലുലു ഗ്രൂപ്പുമായി ചർച്ച നടത്തിയതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.