ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾവേളയിൽ ആഘോഷങ്ങൾ സമ്മാനിച്ച ‘ഹലോ ഏഷ്യ’ക്കുശേഷം ലുസൈൽ ബൊളെവാഡ് വീണ്ടും സജീവമാവുകുന്നു. ശൈത്യകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ലുമിനസ് ഫെസ്റ്റിവലിനാണ് ബൊളെവാഡ് വേദിയാകുന്നത്. ഇത്തരത്തിൽ ഒരുക്കുന്ന പ്രഥമ ലൈറ്റ് ഫെസ്റ്റിവലായ ലുമിനസ് ബൊളെവാഡിലെ അൽ സാദ് പ്ലാസയെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്താൽ വർണാഭമാക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് രണ്ടുവരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതൽ അർധരാത്രി വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കും.20ഓളം ഇൻസ്റ്റലേഷനുകൾ, അഞ്ച് സോണുകൾ, ലൈവ് മാസ്കോട്ടുകൾ, സ്റ്റേജ് പ്രകടനങ്ങൾ, വൈവിധ്യമാർന്ന വിനോദങ്ങൾ എന്നിവ കോർത്തിണക്കി ഖത്തറിലെ ഏറ്റവും വലിയ ലൈറ്റ് ഫെസ്റ്റിവലായി ലുമിനസ് ഫെസ്റ്റിവൽ മാറും.
എല്ലാ പ്രായക്കാരുടെയും അഭിരുചികൾക്ക് അനുയോജ്യമായ ഖത്തരി, സമകാലിക സാംസ്കാരങ്ങളും അടിസ്ഥാനമാക്കിക്കൊണ്ട് കാൻഡല, ബൂഗിവൂഗി തുടങ്ങിയ പ്രശസ്ത വിനോദ ടീമുകളുടെ പ്രകടനങ്ങളും ലുമിനസിൽ അരങ്ങേറും. രാജ്യാന്തര, പ്രാദേശിക കലാകാരന്മാരുടെ സ്റ്റേജ് പ്രകടനങ്ങൾ ഫെസ്റ്റിവലിന് കൊഴുപ്പുകൂട്ടും.എല്ലാവർക്കും ആസ്വാദ്യകരമായ ആഘോഷങ്ങളോടെ, മാസങ്ങളായി തുടരുന്ന ശൈത്യകാലത്തിന് സമാപനമാകുമെന്ന് ഖത്തർ ടൂറിസം ചീഫ് മാർക്കറ്റിങ് ആൻഡ് പ്രമോഷൻ ഓഫിസർ അബ്ദുൽ അസീസ് അലി അൽ മൗലവി പറഞ്ഞു.
ഗേറ്റ് വേ: സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഏറെ മികവോടെ രൂപകൽപന ചെയ്തിരിക്കുന്ന കവാടം ഉൾപ്പെടുന്ന മേഖലയാണ് ഗേറ്റ് വേ. ചലിക്കുന്ന ലൈറ്റുകളും വലിയ പ്രൊജക്ഷനുകളും ഉപയോഗിച്ച് ഫെസ്റ്റിവലിനെക്കുറിച്ച് പറയുകയാണ് ഗേറ്റ് വേ സോൺ. ഇൻസ്റ്റലേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോ ആയ ലൈംലൈറ്റ് ആണ്.
എർത്ത്: എർത്ത് സോണിൽ അമിഗോ ആൻഡ് അമിഗോ ഡിസൈനുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ഘടകങ്ങളെ പ്രതിനിധാനംചെയ്യുന്ന സംവേദനാത്മക ലൈറ്റിങ്, ഫ്ലൂറസെന്റ് ലൈറ്റിങ് എന്നിവ ഉപയോഗിച്ച് പൂന്തോട്ട പ്രമേയത്തിലുള്ള ഇൻസ്റ്റലേഷനുകൾ ഇവിടെ സജ്ജമാക്കും.
വാട്ടർ: ലുമിനസ് ഫെസ്റ്റിവലിലെ വാട്ടർ സോൺ ഡിസൈനുകൾ അറ്റലിയർ സിസുവും ചൈന ലൈറ്റ് ഫെസ്റ്റിവൽ ബി.വിയുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ദർബ് ലുസൈലിലെ തിമിംഗല സ്രാവ് പ്ലാസയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ സോണിലെത്തുന്ന സന്ദർശകർക്ക് സമുദ്രത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമൊരുക്കും.
ഫയർ: ഡിജിറ്റൽ ആർട്ട് പ്രൊജക്ഷൻ വഴി വെടിക്കെട്ടിന്റെ ജ്വലനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫെസ്റ്റിവലിലെ ഫയർ സോൺ. ത്രിമാന ആർക്കിടെക്ചറൽ മാപ്പിങ്, സാംസ്കാരിക ഉത്സവങ്ങൾ, സംവേദനാത്മക സ്ക്രീനുകൾ എന്നിവയിൽ വൈദഗ്ധ്യം നേടിയ, നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ആർട്ടിസ്റ്റ് ജോർജി പിൻ ആണ് ഡി.എ.പി സ്ഥാപിച്ചത്.
എയർ: സന്ദർശകരെ അക്ഷരാർഥത്തിൽ ക്ലൗഡ്-9ൽ ആകൃഷ്ടരാക്കുന്ന പ്രകാശസൗന്ദര്യത്തോടെ, വായുവും സ്ഥലവും അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികളാണ് എയർ സോണിന്റെ സവിശേഷത.ആസ്ട്രേലിയൻ ഡിസൈൻ സ്റ്റുഡിയോ ആയ ഐറിനയാണ് സോണിന് രൂപകൽപന നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.