ദോഹ: രണ്ടു വർഷവും ഏതാനും മാസവും മാത്രം പിന്നിട്ട യാത്രക്കിടയിൽ ചരിത്രം കുറിച്ച് ലുസൈൽ ട്രാം കുതിച്ചുപായുന്നു. 2022 ജനുവരിയിൽ ഓട്ടം തുടങ്ങി, ഇതുവരെയായി ഏകദേശം 55 ലക്ഷത്തിലധികം യാത്രക്കാർ ലുസൈൽ ട്രാം ഉപയോഗിച്ചതായി ഖത്തർ റെയിൽ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവി അജ്ലാൻ ഈദ് അൽ ഇനാസി അറിയിച്ചു. 2022 ഫിഫ ലോകകപ്പ്, 2023 എ.എഫ്.സി ഏഷ്യൻ കപ്പ് തുടങ്ങി ഖത്തർ ആതിഥേയത്വം വഹിച്ച മറ്റു പ്രധാന മേളകളിൽ അടക്കം ലുസൈൽ നഗരത്തിലേക്കുള്ള പ്രധാന ഗതാഗത മാർഗമായിരുന്നു ലുസൈൽ ട്രാമെന്നും അജ്ലാൻ അൽ ഇനാസി പറഞ്ഞു.
ഓറഞ്ച് ലൈൻ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയും പിങ്ക് ലൈനിൽ സർവിസ് ആരംഭിച്ചും ലുസൈൽ ട്രാം പുതിയ നേട്ടങ്ങളിലേക്കാണ് ഇപ്പോൾ കുതിപ്പ് തുടരുന്നത്. ലുസൈൽ നഗരത്തിലെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിലേക്കുള്ള പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ലൈൻ ആരംഭിച്ചതിലൂടെ പിന്നിട്ടതെന്ന് അൽ ഇനാസി പറഞ്ഞു. നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും സേവനം വിപുലീകരിക്കുന്നതിനായി ശേഷിക്കുന്ന ലൈനുകൾ ഉടൻ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2022 ജനുവരിയിൽ ആരംഭിച്ചതിനുശേഷം ക്രമേണ ലുസൈൽ ട്രാമിന് ജനപ്രീതിയാർജിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഖത്തർ ദിയാർ എന്നിവയുടെ സംയുക്ത ഏകോപനത്തിൽ ലുസൈൽ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം ലുസൈൽ ട്രാം ശൃംഖലയിലെ ശേഷിക്കുന്ന ലൈനുകളും സ്റ്റേഷനുകളും ഒരുമിച്ച് പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും അൽ ഇനാസി വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ളതും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുക, സന്ദർശകരുടെയും നഗരത്തിലെ താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റാനും, ഗതഗാതക്കുരുക്ക് കുറച്ച് സുസ്ഥിരമായ യാത്ര സംവിധാനം പ്രദാനം ചെയ്യുക എന്നിവ ലക്ഷ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ലുസൈൽ ട്രാം സർവിസ് വിപുലീകരണത്തിൽ ഓറഞ്ച് ലൈനിലെ എല്ലാ സ്റ്റേഷനുകളും പ്രവർത്തനക്ഷമമാകുകയും പിങ്ക് ലൈൻ സർവിസ് ആരംഭിക്കുകയും ചെയ്തെങ്കിലും അൽ സാദ് പ്ലാസ ഇതുവരെ തുറന്നിട്ടില്ലെന്ന് പ്രോഗ്രാം ഡെലിവറി മേധാവി എൻജിനീയർ ജാസിം അൽ അൻസാരി പറഞ്ഞു. ട്രാം ശൃംഖലയുടെ വിപുലീകരണം ലുസൈൽ നഗരത്തിന്റെ പൊതുഗതാഗത സംവിധാനത്തെ കൂടുതൽ പിന്തുണക്കുകയും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സേവനങ്ങൾ നൽകുകയും ചെയ്യുമെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓറഞ്ച്, പിങ്ക് ലൈനുകളുടെ പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും അൽ അൻസാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.