ദോഹ: കോവിഡിന്റെ മൂന്നാം തരംഗമായി അവതരിച്ച ഒമിക്രോണിനെ പിടിച്ചുകെട്ടാൻ ഖത്തർ ആരോഗ്യമേഖലയുടെ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച ലുസൈൽ ഡ്രൈവ് ത്രു ടെസ്റ്റിങ് ആൻഡ് വാക്സിനേഷൻ സെന്റർ പ്രവർത്തനം നിർത്തി. ഫെബ്രുവരി 28 തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. രാജ്യത്തെ രോഗവ്യാപന തോത് കുറയുകയും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഏറെ പേരും എടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഒമിക്രോൺ കേസുകൾ കുതിച്ചുകയറുകയും പ്രതിദിന രോഗികളുടെ എണ്ണം 4000ത്തിന് മുകളിലെത്തുകയും ചെയ്തതോടെയാണ് കഴിഞ്ഞ ജനുവരി ഒമ്പതിന് വിപുലമായ സംവിധാനങ്ങളോടെ ലുസൈൽ ഡ്രൈവിങ് ത്രൂ സെന്റർ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് പരിശോധനയും പിന്നീട് ബൂസ്റ്റർ ഡോസ് വാക്സിനേഷനും നൽകി തുടങ്ങിയ സെന്റർ ഇതിനകം ഒരു ലക്ഷത്തിലേറെ പേർ ഉപയോഗപ്പെടുത്തിയതായി പി.എച്ച്.സി.സി അധികൃതർ അറിയിച്ചു.
രോഗവ്യാപനം സജീവമായ ഘട്ടത്തിൽ ലക്ഷത്തിലേറെ പേർക്ക് സുരക്ഷിതമായ കോവിഡ് പരിശോധനക്കും വാക്സിനേഷനും വഴിയൊരുക്കിയതായി പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മാലിക് പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വെല്ലുവിളിയും രോഗവ്യാപന ഭീഷണിയുമില്ലാതെ പരിശോധനയും വാക്സിനേഷനും പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർ വ്യക്മാക്കി. ഒമിക്രോണ്‍ വ്യാപിക്കുകയും പി.സി.ആര് പരിശോധനക്കുള്ള ഡിമാൻഡ് വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു 10 ലൈനുകളിൽ ഒരേസമയം സേവനം നൽകുന്ന സംവിധാനത്തോടെ ഡ്രൈവ് ത്രൂ സെൻറർ ആരംഭിച്ചത്. പി.എച്ച്.സി.സി, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ പരിശോധകർക്ക് തിരക്ക് കൂടിയതോടെ പി.സി.ആർ പരിശോധന ആവശ്യമുള്ളവർക്ക് ലുസൈൽ സെൻറർ ഏറെ ആശ്വാസമായി.
രോഗവ്യാപനം കുറയുകയും ഇന്ത്യയടക്കമുള്ള രാജ്യക്കാർ യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധന ഒഴിവാക്കുകയും ചെയ്തതോടെ ഡ്രൈവ് ത്രൂ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആവശ്യക്കാർ കുറഞ്ഞു. അതേസമയം, രാജ്യത്തെ 28 ഹെൽത്ത്കെയർ സെന്ററുകൾ വഴി വാക്സിനേഷനും ടെസ്റ്റും തുടർന്നും ലഭ്യമാവുമെന്ന് ഡോ. മറിയം അബ്ദുൽ മാലിക് വ്യക്തമാക്കി. രാജ്യത്തെ ഉയർന്ന നിലയിലുള്ള വാക്സിനേഷൻ കോവിഡിനെതിരായ ആരോഗ്യ ചെറുത്തുനിൽപുകൾക്ക് കരുത്തായി. രോഗതീവ്രതയും വ്യാപനവും കുറയാനും ആശുപത്രി പ്രവേശനം ഒഴിവാക്കാനും സജീവ വാക്സിനേഷൻ യത്നം സഹായകമായതായി ഡോ. മറിയം വിശദീകരിച്ചു. 28 പി.എച്ച്.സി.സികൾക്ക് പുറമെ, ഇൻഡസ്ട്രിയൽ ഏരിയയിലെ ബൂ കർനിലെ വാക്സിനേഷൻ സെന്റർ വഴിയും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. രാജ്യത്ത് ഇതിനകം 12 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസ് നൽകിയതായും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.