ദോഹ: ഏഴായിരത്തിലേറെ കിലോമീറ്റർ ദൂരം, 15 രാജ്യങ്ങളിലൂടെയുള്ള യാത്ര, പത്തുമാസം നീണ്ടു നിൽക്കുന്ന സഞ്ചാരം. കാൽപന്തുകളിയുടെ കളിത്തൊട്ടിലായ മഡ്രിഡിൽനിന്നും മൂന്നു ദിനം മുമ്പ് സാന്റിയാഗോ സാഞ്ചസ് കൊഗേദർ എന്ന 42കാരൻ നടത്തം തുടങ്ങിക്കഴിഞ്ഞു. കാൽപന്തിന്റെ വിശ്വമേളയുടെ മണ്ണാവാൻ ഒരുങ്ങുന്ന ഖത്തറാണ് സാന്റിയാഗോയുടെ ലക്ഷ്യം. ഓരോ ചുവടുവെപ്പും ആസ്വാദ്യകരമാക്കി, ലോകമറിഞ്ഞും തന്റെ ചിന്തകളെ പകർന്നുനൽകിയും പുതിയ ജീവിതം അറിഞ്ഞുമാണ് സാന്റിയാഗോ സാഞ്ചസിന്റെ സഞ്ചാരം. മഡ്രിഡിലെ മറ്റാപിനോനെറ സ്റ്റേഡിയത്തിൽനിന്നായിരുന്നു ജനുവരി എട്ടിന് ഇദ്ദേഹം ഖത്തറിലേക്കുള്ള സഞ്ചാരത്തിന് തുടക്കം കുറിച്ചത്. സ്പാനിഷ് പ്രാദേശിക ക്ലബായ സാൻ സെബാസ്റ്റ്യൻ റെയ്സിന്റെ കളിയിടമായ മറ്റാപിനോനെറ സ്റ്റേഡിയത്തിൽ നിന്നും ആഘോഷപൂർവമായിരുന്നു യാത്രയുടെ തുടക്കം. ഇതിന്റെ ചിത്രങ്ങൾ ക്ലബും ട്വിറ്ററിൽ പങ്കുവെച്ചു. പിന്നാലെ, മഡ്രിഡിലെ ഖത്തറിന്റെ സ്പാനിഷ് എംബസിയിലെത്തി അംബാസഡർ അബ്ദുല്ല ബിൻ ഇബ്രാഹിം അൽ ഹമാറിനെ കണ്ട് യാത്രക്ക് കിക്കോഫ് കുറിച്ചു. ചെറു ഉന്തുവണ്ടിയിൽ ഒരു സ്യൂട്ട് കേസും ഗ്യാസ് സ്റ്റൗവും കുടിവെള്ളവും ടെന്റ് കെട്ടാനുള്ള സജ്ജീകരണങ്ങളുമായാണ് ഈ 42കാരന്റെ യാത്ര.
സാഞ്ചസിന്റെ വേറിട്ട യാത്രകൾ
ഫുട്ബാളിനെ നെഞ്ചിലേറ്റുന്ന റയൽ മഡ്രിഡ് ഫുട്ബാൾ ക്ലബിന്റെ ആരാധകനായ സാന്റിയാഗോക്ക് പിന്നെയിഷ്ടം യാത്രയാണ്. രണ്ട് ഇഷ്ടവിനോദങ്ങളും ഒന്നായപ്പോൾ, സഞ്ചാരം ആസ്വാദ്യകരമാക്കി ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ പുറപ്പെട്ടതാണ് ഇദ്ദേഹം. 'തോന്നലുകൾക്കും ഇഷ്ടങ്ങൾക്കും പിന്നാലെ സഞ്ചരിക്കുന്ന ഭ്രാന്തൻ' എന്നാണ് തന്നെ കുറിച്ചുതന്നെ സാഞ്ചസ് വിശേഷിപ്പിക്കുന്നത്. വട്ടനെന്നും ചൂടനെന്നും നാട്ടുകാർ വിളിക്കുമ്പോൾ തനിക്കുവേണ്ട ശബ്ദങ്ങൾക്കു മാത്രമേ താൻ ചെവികൊടുക്കാറുള്ളൂ എന്ന് യാത്രക്കുമുമ്പ് സ്പാനിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ സാന്റിയാഗോ പറയുന്നു. ഇതാദ്യമായല്ല, ആരും തിരഞ്ഞെടുക്കാത്ത മാർഗങ്ങളിലൂടെയുള്ള യാത്രകൾ. 2019-20ൽ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാളിൽ തന്റെ പ്രിയപ്പെട്ട റയൽ മഡ്രിഡ് സൗദി അറേബ്യയിൽ പന്തു തട്ടാനെത്തിയപ്പോൾ സാൻറിയാഗോ സൈക്കിളിലേറിയായിരുന്നു യാത്ര പുറപ്പെട്ടത്. 'ഏറെ ആസ്വദിച്ച്, ലോകം കണ്ടും നിരവധി സുഹൃത്തുക്കളെ കണ്ടെത്തിയും നടത്തിയ യാത്രക്കൊടുവിൽ ജിദ്ദയിലെത്തി പ്രിയപ്പെട്ട ടീമിന്റെ കളിയും കിരീടമണിയുന്നതും കണ്ടു. എന്നാൽ, മടക്കയാത്രയിൽ കാത്തിരുന്നത് വലിയ ഞെട്ടിക്കുന്ന ദിനങ്ങളായിരുന്നു' -സാന്റിയാഗോ തന്റെ സാഹസിക ജീവിതം പറയുന്നു.2020 ജനുവരിയിൽ സൗദിയിൽനിന്നും തുടങ്ങിയ മടക്കയാത്രയുടെ പാതിവഴിയിലാണ് പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ട വാർത്ത കേൾക്കുന്നത്. തുർക്കിയിലായിരുന്നു അപ്പോൾ.
വിസയുടെ കാലാവധി കഴിയുന്നതിനാൽ എങ്ങനെയും അതിർത്തി കടക്കണമെന്നായിരുന്നു ചിന്ത. വലിയ കടത്തുബോട്ടിൽ കയറി ഗ്രീസിലെത്തി. അപ്പോഴേക്കും കൊറോണ വൈറസിന്റെ ഭീതിയിൽ രാജ്യാതിർത്തികൾ അടഞ്ഞു തുടങ്ങി. സൗദിയിലേക്കുള്ള യാത്രക്കിടെ കണ്ടുമുട്ടിയ അർജന്റീനക്കാരൻ കൗമാരക്കാരനെ വീണ്ടും കണ്ടുമുട്ടി. 17 ദിവസത്തോളം ഒന്നിച്ച് അതിർത്തിയിലേക്ക് സൈക്കിൾ യാത്ര ചെയ്തു. സാഹസികതയുടെ ഓർമക്കായി വഴിയിൽ ഒരു മരവും നട്ടു. പക്ഷേ, ഗ്രീസ് കടക്കാൻ കഴിഞ്ഞില്ല. അതിർത്തി അടച്ചു. തിരികെ സഞ്ചരിച്ചപ്പോൾ വഴിയിൽ മറ്റൊരു കൂട്ടുകാരനൊപ്പം കൂടി. അവന്റെ ഗ്രാമത്തിൽ അതിഥിയായും പിന്നെ അഞ്ചുമാസം അഭയാർഥി ക്യാമ്പിലും കഴിച്ചുകൂട്ടിയ ദിനങ്ങൾ. ജീവിതത്തിൽ പലദുരന്ത സാഹചര്യങ്ങളും നേരിട്ട് മാതൃരാജ്യംവിട്ട് ഓടിയവരാണ് അവർ. ഫുട്ബാൾ കളിച്ചും മറ്റും മുന്നോട്ടുപോവുന്നവരുടെ ജീവിതം എന്റെ മനസ്സും ചിന്തയുമെല്ലാം തുറപ്പിച്ചു. അവർക്കൊപ്പം കഴിഞ്ഞ നാളുകളും യാത്രപറഞ്ഞ ദിനവുമൊന്നും ഒരിക്കലും മറക്കാനാവില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.
'ഈ യാത്ര ഖത്തറിലേക്കാണ്. അവിടെ സ്പെയിൻ ലോകകപ്പ് വീണ്ടും ജയിക്കുന്നതുകാണണം' -സാന്റിയാഗോ പറയുന്നു. ഓരോ ദിനവും ഒരു മരം എന്ന നിലയിൽ താൻ സഞ്ചരിക്കുന്ന വഴികളിലെല്ലാം മരങ്ങൾ നട്ടുകൊണ്ടാണ് ഈ സ്പാനിഷ് സാഹസിക സഞ്ചാരിയുടെ യാത്ര. ഇനി ദോഹയിലെത്തി മടങ്ങുമ്പോൾ തന്റെ ആകെ യാത്രാ ദിനങ്ങളേക്കാൾ മരങ്ങൾ നടുമെന്ന് വാക്കുനൽകിയാണ് സാന്റിയാഗോ 11 മാസത്തെ സഞ്ചാരത്തിന് തുടക്കമിട്ടത്. മാസങ്ങൾ നീളുന്ന നടത്തത്തിനൊടുവിൽ സാന്റിയാഗോ ഇവിടെയെത്തുമ്പോൾ ഈ മണ്ണും ലോകവും കാൽപന്ത് ഉത്സവത്തിന്റെ ലഹരിയിൽ അമർന്നിട്ടുണ്ടാവും. എന്തായാലും മഡ്രിഡിൽ നിന്നും നടത്തം തുടങ്ങിയ സാന്റിയാഗോയെ കാത്തിരിക്കുകയാണ് ഖത്തറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.