ദോഹ: ടോക്യോ ഒളിമ്പിക്സിലൂടെ വിശ്വകായിക മാമാങ്കത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ താരപ്പകിട്ടിലാണ് കരാട്ടേ എന്ന മാർഷൽ ആർട്സ് ഇനം. ഇതുവരെയായി, ആയോധന കല എന്ന നിലയിൽ കായികാഭ്യാസത്തിന്റെ ചുറ്റുവട്ടങ്ങളിൽ ഒതുങ്ങിനിന്ന കരാട്ടേ ഒളിമ്പിക് നിലവാരത്തിലേക്ക് ഉയർന്നപ്പോൾ, അതിനിടയിൽ ഖത്തറിലെ മലയാളികൾക്കും സന്തോഷത്തിന് വകയൊരുങ്ങുന്നു. രാജ്യാന്തര കായിക പോരാട്ടങ്ങളിലേക്ക് മത്സരയിനമായി മാറിയ കരാട്ടേയുടെ ഇന്റർനാഷനൽ ജഡ്ജസ് ആൻഡ് റഫറിയിങ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ നാലു മലയാളികൾ ഖത്തറിൽനിന്നാണ്. പ്രമുഖ മാർഷൽ ആർട്സ് പരിശീലന കേന്ദ്രമായ യുനൈറ്റഡ് മാർഷൽ ആർട്സ് അക്കാദമിയിൽ നിന്നുള്ള നാദാപുരം സ്വദേശി നൗഷാദ് മണ്ണോളി, സീനിയർ മാസ്റ്റേഴ്സായ സിറാജ് പേരാമ്പ്ര, തിരുവള്ളൂർ സ്വദേശി ശരീഫ്, വടകരയിൽ നിന്നുള്ള ഹനീഫ എന്നിവരാണ് കഴിഞ്ഞയാഴ്ച യു.എ.ഇയിലെ ഫുജൈറയിൽ സമാപിച്ച വേൾഡ് കരാട്ടേ ഫെഡറേഷൻ ജഡ്ജസ് ആൻഡ് റഫറീസ് സെമിനാറിൽ പരീക്ഷാ കടമ്പകൾ താണ്ടി ജഡ്ജസുമാരായി യോഗ്യത നേടിയത്.
ഇനി കരാട്ടേ പരിശീലനം മാത്രമല്ല, രാജ്യാന്തര തലത്തിൽ നടക്കുന്ന മത്സരങ്ങളുടെ വിധികർത്താക്കളായും ഈ മലയാളി നാൽവർ സംഘത്തിന് പങ്കെടുക്കാൻ കഴിയും. ഫുജൈറയിൽ നടന്ന കരാട്ടേ വൺ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് 80 രാജ്യങ്ങളിൽ നിന്നായി 150ഓളം പേർ പങ്കെടുത്ത റഫറിയിങ് സെമിനാറും നടന്നത്. പ്രാക്ടിക്കൽ, തിയറി പരീക്ഷകൾ അടങ്ങിയ കടുപ്പമേറിയ കടമ്പകൾക്കൊടുവിലായിരുന്നു വിജയികളെ കണ്ടെത്തിയത്. ഖത്തറിൽ കഴിഞ്ഞ 10-20 വർഷമായി മാർഷൽ ആർട്സ് പരിശീലന രംഗത്ത് സജീവമായുള്ള നാലുപേരും ഖത്തർ കരാട്ടേ ഫെഡറേഷനു കീഴിലാണ് വേൾഡ് ഫെഡറേഷൻ സെമിനാറിനായി പുറപ്പെട്ടത്. ഖത്തർ ഫെഡറേഷനുകീഴിൽ പങ്കെടുത്ത 12ൽ ഏഴുപേർ യോഗ്യത നേടിയപ്പോൾ നാലുപേരും യു.എം.എ.ഐ അക്കാദമിയിൽ നിന്നുള്ളവരായിരുന്നു. കുമിതെ ജഡ്ജ് ബി ഗ്രേഡിൽ പാസായ ഇവർക്ക് രാജ്യാന്തര തലത്തിലെ മത്സരങ്ങളുടെ വിധികർത്താക്കളാവാൻ കഴിയും.
ഫുജൈറയിൽ നടന്ന പ്രീമിയർ ലീഗിലെ മത്സരങ്ങളിലും ഇവർ വിധികർത്താക്കളായിരുന്നു. മുൻ വർഷങ്ങളിൽ ഖത്തർ കരാട്ടേ ഫെഡറേഷന്റെ വിവിധ മത്സരങ്ങൾക്ക് വിധികർത്താക്കളായതിന്റെ ആത്മവിശ്വാസവും പരിചയവും വേൾഡ് ഫെഡറേഷൻ പരീക്ഷയിൽ ഗുണകരമായതായി യും.എം.എ.ഐ അക്കാദമി സീനിയർ മാസ്റ്റർ ഷരീഫ് തിരുവള്ളൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 20 വർഷത്തിലേറെയായി ഖത്തറിൽ ട്രെയിനറായി പ്രവർത്തിക്കുന്ന നൗഷാദ് മണ്ണോളി യു.എം.എ.ഐ ടെക്നിക്കൽ ഡയറക്ടർ കൂടിയാണ്. സിറാജ് പരിശീലനത്തിനുപുറമെ ബിസിനസ് മേഖലയിലാണെങ്കിൽ ഷരീഫും ഹനീഫും മുഴുവൻ സമയ മാർഷൽ പരിശീലകനാണ്. ഗ്രാൻഡ് മാസ്റ്ററും അക്കാദമി സ്ഥാപകനുമായ സി.പി. ആരിഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ആയോധന കലയിൽ പരിശീലനം നൽകിവരുന്ന അക്കാദമിയാണ് യു.എം.എ.ഐ. സീനിയർ ഇൻസ്ട്രക്ടർമാരായ വി.ടി. നിസാം, സി.എം. ഫൈസൽ, സി.എം. ജാബിർ എന്നിവരുടെ കൂടി പിന്തുണയിലാണ് തങ്ങളുടെ നേട്ടമെന്ന് പുതിയ വേൾഡ് റഫറിയിങ് ജഡ്ജുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.