ദോഹ: സിറ്റി സെന്ററിലെ സിനിമ ഹാളിൽ രണ്ടു മണിക്കൂറിൽ ഒരു നിമിഷം പോലും അനിലിന് കസേരയിൽ ഇരിപ്പുറച്ചിരുന്നില്ല. 18 വർഷം മുമ്പ് കൂട്ടുകാർക്കൊപ്പം ഒരായുസ്സിന്റെ വേദനയിൽ അനുഭവിച്ചു തീർത്ത മണിക്കൂറുകൾ സ്ക്രീനിൽ തെളിയുമ്പോൾ കണ്ണുകൾ പലതവണ നിറഞ്ഞൊഴുകി. തങ്ങൾ ജീവിച്ച മണിക്കൂറുകൾ സിനിമയായി പറഞ്ഞു തീർന്നപ്പോൾ കൂട്ടുകാരായ സുഭാഷിനെയും കുട്ടനെയും സിക്സനെയുമെല്ലാം ചേർത്തണച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. തിയറ്ററിൽ നിന്നിറങ്ങിയിട്ടും കണ്ണീരടങ്ങിയില്ല. ആ രാത്രിയിലും കരഞ്ഞുതീർത്തു. നാട്ടിലേക്ക് വിളിച്ച് കൂട്ടുകാരുമായും കുറെ സംസാരിച്ചു....
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ദോഹയിലെ തിയറ്ററിൽ കണ്ടിറങ്ങിയ ഖത്തർ പ്രവാസിയായ അനിൽ ജോസഫിന് ഇനി എങ്ങനെയെങ്കിലും നാട്ടിലെത്തി കൂട്ടുകാരുടെ കരവലയത്തിലലിഞ്ഞാൽ മതിയെന്ന ചിന്തയാണ്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങി നാട്ടിലും ഗൾഫിലും ഉൾപ്പെടെ തിയറ്ററുകളിൽ നിറഞ്ഞോടി, പ്രേക്ഷകരുടെ കൈയടി നേടുന്ന ആ ചിത്രം അനിലിന്റെ കൂടി കഥയാണ്. എറണാകുളം മഞ്ഞുമ്മൽ മടപ്പാട്ട്നിന്നും 2006 സെപ്റ്റംബറിൽ കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ 11 പേരിൽ ഒരാളായി അനിലുമുണ്ടായിരുന്നു.
യാത്രാവസാനമാണ് അവർ ‘ഗുണകേവ്’ എന്ന ഗുഹ സന്ദർശിക്കാനിറങ്ങുന്നത്. അപകടം പതിയിരിക്കുന്ന ഗുഹയിലൂടെയുള്ള യാത്രക്കിടെ, സംഘത്തിലെ അംഗമായ സുഭാഷ് അപ്രതീക്ഷിതമായി 600 അടിയിലേറെ താഴ്ചയുള്ള കുഴിയിൽ പതിക്കുകയും പിന്നാലെയുണ്ടായ സംഭവങ്ങളുമെല്ലാം അനിലിന്റെ ഓർമയിലേക്ക് വീണ്ടും തിരികെയെത്തി. പൊലീസും ഫയർഫോഴ്സുമെല്ലാം ശ്രമം ഉപേക്ഷിച്ചപ്പോൾ, സുഹൃത്തുക്കളിലൊരാൾ തന്നെ മരണം ആർത്തിയോടെ വാ പിളർന്നു കാത്തിരുന്ന ഗുഹക്കകത്തേക്കിറങ്ങി സുഭാഷിനെ പുറത്തെത്തിച്ച തങ്ങളുടെ അനുഭവം സിനിമയായെത്തുമ്പോൾ അനിലിനെ ഓർമകൾ വീണ്ടും ഉൾകിടിലം കൊള്ളിക്കുകയാണ്.
11 പേരുടെ സംഘത്തിൽ അനിലും, പോളണ്ടിലുള്ള സുധിയും ഒഴികെ ബാക്കിയെല്ലാവരും ഇപ്പോൾ നാട്ടിലുണ്ട്. ഖത്തർ എയർവേസിൽ ജീവനക്കാരനായ അനിലും സിനിമ പുറത്തിറങ്ങുമ്പോഴേക്കും നാട്ടിലെത്തണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ, അവധി ലഭിക്കാത്തതിനാൽ യാത്ര നീട്ടിവെച്ച് കാത്തിരിപ്പിലാണ് അവൻ. യാഥാർഥ്യവുമായി 99 ശതമാനവും സിനിമ ചേർന്നു നിൽക്കുന്നുവെന്ന് അഞ്ചു വർഷമായി ഖത്തർ പ്രവാസിയായ അനിൽ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ആ മണിക്കൂറുകളിൽ ഞങ്ങൾ അനുഭവിച്ചു തീർത്ത വേദനയുടെ തീവ്രത പകരാൻ ഒരു ചലച്ചിത്ര ആഖ്യാനങ്ങൾക്കും കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. ‘സിനിമയുടെ ആലോചനാ വേളയിൽ സംവിധായകൻ ചിദംബരം ഞങ്ങൾ 11 പേരുമായും സംസാരിച്ചിരുന്നു. വിഡിയോള കോൾ ചെയ്താണ് ഞാനുമായി സംസാരിച്ചത്. എന്റെ അനുഭവവും ഓർമകളുമെല്ലാം അദ്ദേഹവുമായി പങ്കുവെച്ചു. സിനിമ പുറത്തിറങ്ങിയതോടെ നാട്ടിലെ കൂട്ടുകാരുമായും വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. അവരെല്ലാവരും ഇപ്പോൾ അഭിമുഖങ്ങളുടെയും മറ്റും തിരക്കിലാണ്. അധികം വൈകാതെ തന്നെ ഞാനും അവർക്കൊപ്പം ചേരും’ -അനിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇഴപിരിയാത്ത സൗഹൃദമാണ് എന്നും തങ്ങളുടെ കരുത്തെന്ന് അദ്ദേഹം പറയുന്നു. ഒരാളുടെ പ്രശ്നം ഞങ്ങൾ എല്ലാവരുടേതുമാകും. ആഘോഷങ്ങളും വേദനകളും പങ്കിടും. കൗമാരകാലത്തുള്ള ആ ശീലം തന്നെയാണ് ഇപ്പോൾ മുതിർന്നപ്പോഴുമെന്നും അനിൽ പറയുന്നു.
യാത്രയും, അപകടവും, സഹായം തേടിയെത്തിയപ്പോൾ പൊലീസുകാർ മർദിച്ചതും, പിഴയടപ്പിച്ചതും, ശേഷം നാട്ടിലെത്തിയ ശേഷം എല്ലാം രഹസ്യമാക്കിവെച്ചതുമായ അനുബന്ധ കഥകളെല്ലാം ഇന്നലെ കഴിഞ്ഞെന്ന പോലെ ഓർത്തെടുത്ത് ദോഹയിലെ കൂട്ടുകാരോട് വിവരിക്കുയാണ് ഈ ഖത്തർ പ്രവാസി. അനിൽ ജോസഫിനു പുറമെ, കുട്ടൻ എന്ന സിജു ഡേവിഡ് , സിക്സൺ, സിജു, സുഭാഷ്, സുജിത്, സുമേഷ്, കൃഷ്ണകുമാർ, അഭിലാഷ്, സുധി, ജിൻസൺ എന്നിവരായിരുന്നു ആ സംഘം. സിനിമയിൽ അഭിരാം രാധാകൃഷ്ണനാണ് അനിലിന്റെ വേഷം ചെയ്തത്. രക്ഷകനായ സിജുവിന് ധീരതക്കുള്ള ജീവൻ രക്ഷാപഥക്കും തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.