ദോഹ: മസ്ജിദുൽ അഖ്സയിലേക്കുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ അതിക്രമങ്ങളെയും കടന്നു കയറ്റങ്ങളെയും ഖത്തർ കടുത്ത ഭാഷയിൽ വിമർശിക്കുകയും അപലപിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തെ ഒന്നടങ്കം പ്രകോപിപ്പിക്കാനും പരിഹസിക്കാനുമാണ് വിശുദ്ധ സ്ഥലത്തെയും വിശുദ്ധ ദിനത്തെയും ഇസ്രായേൽ അധിനിവേശ സേന തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനാ കുറിപ്പിൽ വ്യക്തമാക്കി.
മസ്ജിദുൽ അഖ്സയിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവർക്ക് നേരെയാണ് പള്ളിയിൽ കയറി ഇസ്രായേൽ സേന ആക്രമണം നടത്തിയിരിക്കുന്നത്.
നേഷൻ ലോ എന്ന പേരിൽ കടുത്ത വംശീയ നിയമം പ്രാബല്യത്തിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിെൻറ ഫലസ്തീനികളോടുള്ള കടുത്ത വിവേചനാപരമായ നടപടിയെന്നും മന്ത്രാലയം വിമർശിച്ചു. അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഇസ്രായേലിെൻറ അതിക്രമങ്ങൾക്ക് നേരെ പ്രതികരിക്കേണ്ടിയിരിക്കുന്നു. ആരാധനക്കുള്ള വിശ്വാസിയുടെ മൗലികാവശങ്ങളുടെയും മറ്റു മനുഷ്യാവകാശങ്ങളുടെയും പ്രത്യക്ഷമായ ധ്വംസനമാണ് ഫലസ്തീനിലും ജറൂസലേമിലും നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മസ്ജിദുൽ അഖ്സയിലേക്ക് അതിക്രമിച്ച് കയറിയ ഇസ്രായേൽ സൈന്യം അവിടെ ആരാധനാ കർമ്മങ്ങളിലേർപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഖത്തർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.