ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് കിക്കോഫ് കുറിച്ച് അഞ്ചു ദിവസം പിന്നിടുമ്പോൾ ദോഹ മെട്രോ സ്റ്റേഷൻ വഴി യാത്രചെയ്തത് പത്തു ലക്ഷത്തിലേറെ പേർ. ലോകകപ്പ് ഫുട്ബാളിന് സമാനമായി ടൂർണമെന്റിലെ ഒമ്പത് സ്റ്റേഡിയങ്ങളിലേക്കും കാണികൾക്കുള്ള പ്രധാന സഞ്ചാരമാർഗമായി മെട്രോ മാറിയതിന്റെ സൂചനയാണ് ആദ്യ റൗണ്ട് മത്സരങ്ങളിലെ മെട്രോ ഉപയോഗം സാക്ഷ്യപ്പെടുത്തുന്നത്. മെട്രോ വഴി 10,40,973 യാത്രക്കാരും ലുസൈൽ ട്രാമിലൂടെ 38,367 യാത്രക്കാരുമാണ് സഞ്ചരിച്ചതെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി. ഖത്തറും ലബനാനും ഏറ്റുമുട്ടിയ ടൂർണമെന്റിലെ ഉദ്ഘാടന മത്സര ദിവസം രണ്ടു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ, ട്രാം ശൃംഖലകളെ ആശ്രയിച്ചത്. സൂഖ് വാഖിഫ്, ലുസൈൽ ബൊലെവാർഡ്, കതാറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് മെട്രോ കണക്ടിവിറ്റി നൽകിയപ്പോൾ എക്സ്പോ നടക്കുന്ന അൽ ബിദ്ദ പാർക്ക് റെഡ്ലൈനിലെ കോർണിഷ്, അൽ ബിദ്ദ സ്റ്റേഷനുകളുമായി നേരിട്ട് ബന്ധിപ്പിച്ചു.
ഏഷ്യൻ കപ്പിന്റെ ആദ്യ റൗണ്ടിൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെത്താൻ ദോഹ മെട്രോയെ നിരവധി പേർ ആശ്രയിച്ചതായും മാച്ച് ടിക്കറ്റുകൾക്ക് സൗജന്യമായി ഡേ പാസ് നൽകിയത് യാത്രക്കാർ മെട്രോയെ തെരഞ്ഞെടുക്കാൻ പ്രേരണ നൽകിയതായും ഖത്തർ റെയിൽ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ചീഫ് അജലാൻ ഈദ് അൽ ഇനാസി പറഞ്ഞു. യാത്രക്കാർ സ്റ്റേഷനിലെ തിരക്ക് കുറക്കുന്നതിനും സമയം ലാഭിക്കുന്നതിനുമായി മത്സരദിവസത്തിന് മുമ്പ് ഡേ പാസ് കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും മത്സരത്തിന് മാത്രമല്ല, ദോഹയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ പാസ് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതൽ യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്ലൈനിൽ ആറ് ക്യാരേജ് ട്രെയിനുകളുടെ വിന്യാസം, യാത്രക്കാരുടെ ശേഷി 1120 ആക്കി വർധിപ്പിച്ച് ശേഷി ഇരട്ടിയാക്കുക, ടൂർണമെന്റ് കാലയളവിൽ ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം മൂന്നു മിനിറ്റായി കുറക്കുക എന്നിവയും ഇതിൽ ഉൾപ്പെടും.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകൾ സാധാരണ സമയങ്ങളിലായിരിക്കും പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രണ്ടിന് പകരം ഉച്ചക്ക് 12ന് സർവിസ് ആരംഭിക്കും. മത്സരദിവസങ്ങളായ ജനുവരി 19, ഫെബ്രുവരി രണ്ട് തീയതികളിൽ രാവിലെ 10നും സർവിസ് ആരംഭിക്കും.
മാച്ച് ഡേ ടിക്കറ്റ് ഉടമകൾക്ക് കോംപ്ലിമെന്ററി ഡേ പാസുകൾ നൽകുന്നതാണ് ശ്രദ്ധേയമായ ഒരു സംരംഭം, ഇത് ആരാധകർക്ക് ഗതാഗത അനുഭവം വർധിപ്പിക്കുന്നു. ഈ ഡേ പാസ് ഏത് മെട്രോ സ്റ്റേഷനിൽനിന്നും ലഭിക്കും. മെട്രോ നെറ്റ്വർക്ക് ഉപയോഗിക്കുന്നതിന് ഡേ പാസ് ലഭിക്കാൻ ആഗ്രഹിക്കുന്ന ആരാധകർ മത്സരത്തിന്റെ തലേദിവസം ഏറ്റവും പുതിയ ഏതെങ്കിലും മെട്രോ സ്റ്റേഷനിൽ പോയി ക്യൂവിൽ നിൽക്കാതിരിക്കാനും മത്സരങ്ങൾക്ക് പോകുമ്പോൾ സമയം ലാഭിക്കാനും ഡേ പാസ് വാങ്ങണമെന്ന് ഖത്തർ റെയിൽ ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.