ദോഹ: ഖത്തറിലെ പ്രവാസികളുടെ ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പരിശോധന കാമ്പയിനുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്. തുടർച്ചയായി 12ാം വർഷമാണ് വിവിധ രാജ്യക്കാരായ പ്രവാസികൾക്കും കുറഞ്ഞ വേതനക്കാർക്കും ഏറെ ആശ്വാസമായ രോഗനിർണയ ക്യാമ്പ് മൈക്രോ ലബോറട്ടറിക്കുകീഴിൽ നടക്കുന്നത്. ജൂലൈ 23ന് ആരംഭിച്ച് ആഗസ്റ്റ് 31വരെ ക്യാമ്പ് നീണ്ടുനിൽക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ജോലിത്തിരക്കിനും തിരക്കുപിടിച്ച ജീവിത്തിനുമിടയിൽ സ്വന്തം ആരോഗ്യം മറന്നുപോവുമ്പോൾ, നേരത്തെ തന്നെ ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്നതിനായാണ് ഖത്തറിലെ മുൻനിര ലബോറട്ടറികളിലൊന്നായ മൈക്രോ ഹെൽത്ത് രോഗനിർണയ ക്യാമ്പ് നടത്തുന്നത്. കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെക്കൂടി ലക്ഷ്യമിട്ടാണ് ക്യാമ്പെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൾസൾട്ടൻറ് പാത്തോളജിസ്റ്റ് ഡോ. സുക്മണി റെജി പറഞ്ഞു.
500 റിയാൽ ചെലവുവരുന്ന വിവിധ പരിശോധനകൾ സൗജന്യ നിരക്കായി 50 റിയാലിൽ ലഭ്യമാവും. രക്തസമ്മർദം, ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ), പ്രമേഹം, കൊളസ്ട്രോൾ സംബന്ധമായ പരിശോധനകൾ അടങ്ങിയ ലിപിഡ് പ്രൊഫൈൽ, ബ്ലഡ് യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നിവ ഉൾപ്പെടുന്നതാണ് പരിശോധന പാക്കേജ്. വീടുകളിലെത്തി സാമ്പിൾ ശേഖരിച്ച് പരിശോധിക്കുന്ന 'ഹോം സാമ്പിൾ കലക്ഷനും' പ്രവർത്തിക്കും. ഇതിനായി 50 റിയാൽ അധിക ചാർജായി ഈടാക്കും. സി റിങ് റോഡിലെ മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ എല്ലാ ദിവസവും രാവിലെ ആറുമുതൽ രാത്രി പത്തുവരെ പരിശോധനക്കെത്താം.
എട്ടുമുതൽ 10 മണിക്കൂർ ഫാസ്റ്റിങ്ങിലാണ് സാമ്പിൾ നൽകാൻ എത്തേണ്ടത്. വർഷങ്ങളായി നടത്തിവരുന്ന പരിശോധന ക്യാമ്പ് വഴി നിരവധി പ്രവാസികൾക്ക് നേരത്തെ രോഗനിർണയം നടത്താനും സമയബന്ധിതമായ ചികിത്സയിലൂടെ രോഗമുക്തി നേടാനും കഴിഞ്ഞതായി ഡോ. സുക്മണി റെജി പറഞ്ഞു.
ഇന്ത്യക്കാരും മറ്റും ഉൾപ്പെടെ എട്ടായിരത്തോളം പ്രവാസികൾ മുൻവർഷങ്ങളിൽ പരിശോധനക്കെത്തി. ഇവരിൽ 20-25 ശതമാനം പേർക്ക് വിവിധ ജീവിതശൈലി രോഗങ്ങൾ നിർണയിക്കാൻ കഴിഞ്ഞതായും അവരിൽ 15 ശതമാനം പേരും തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് നേരത്തെ ബോധവാന്മാരായിരുന്നില്ലെന്നും അവർ വിശദീകരിച്ചു.
മൈക്രോ ഹെൽത്ത് സി.ഒ.ഒ കെ.ടി. അഹമ്മദ്, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സി. അബ്ദുൽ നാസർ, ലബോറട്ടറി അഡ്മിനിസ്ട്രേറ്റർ കെ.സി. ഷെഫീഖ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.