ദോഹ: ഖത്തറിലെ പ്രവാസികൾക്ക് പുതുവത്സര സമ്മാനമായി ഒരു മാസം നീളുന്ന ആരോഗ്യ പരിശോധന ക്യാമ്പുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ജീവിതശൈലി രോഗങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധാന ക്യാമ്പ് ജനുവരി ഒന്നിന് തുടക്കം കുറിക്കുമെന്ന് മാനേജ്മെൻറ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായി 15ാം വർഷമാണ് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് പരിശോധന ക്യാമ്പ് നടത്തുന്നത്.
പ്രമേഹം, കൊളസ്ട്രോൾ, ഹൃദയ-വൃക്ക രോഗങ്ങൾ, ലിവർ, യൂറിക് ആസിഡ് സംബന്ധിച്ച ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാനും ചികിത്സ ഉറപ്പാക്കാനും മൈക്രോ ഹെൽത്ത് ലാബ് ജീവിതശൈലി രോഗനിർണയ ക്യാമ്പ് അവസരമൊരുക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. രെഗി സുഖമണി പറഞ്ഞു. 500 റിയാലുള്ള വിവിധ ടെസ്റ്റുകൾ 50 റിയാൽ നിരക്കിലാണ് ജനുവരി 31 വരെ കാമ്പയിൻ കാലയളവിൽ നൽകുന്നത്. രക്തസമ്മർദം, ബി.എം.ഐ, ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ബ്ലഡ് യൂറിയ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി പരിശോധനകൾ അടങ്ങിയിരിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ 80,000ത്തിലേറെ പേർ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ പരിശോധന ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. വീടുകളിലെത്തി സാംപ്ൾ ശേഖരിക്കുന്ന ഹോം കലക്ഷനും മൈക്രോക്ക് കീഴിലുണ്ട്.
രാവിലെ ആറ് മുതൽ രാത്രി 10 വരെ മൈക്രോ ഹെൽത്തിന്റെ ഖത്തറിലെ ഏത് ബ്രാഞ്ചിലുമെത്തി ക്യാമ്പ് ഉപയോഗപ്പെടുത്താം. വാർത്തസമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർമാരായ ഡോ. വിജയ് വിഷ്ണു പ്രസാദ്, ഡോ. രെഗി സുഖമണി, ഡോ. സുമയ, സി.ഒ.ഒ ഉദയ്കുമാർ നടരാജ്, സി.സി.ഒ കെ.സി. ഷഫീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.