ദോഹ: സാംസ്കാരിക പരിപാടികൾ രാഷ്ട്രീയ ഭിന്നതകളുമായി ഒരിക്കലും ബന്ധിപ്പിക്കരുതെന്നും സംസ്കാരം എല്ലാവർക്കും ലഭ്യമാകേണ്ടതാണെന്നും ജനങ്ങൾക്കിടയിലെ അടുപ്പം കൂട്ടുന്നതിന് ഇത് ഏറെ സംഭാവന ചെയ്യുന്നുണ്ടെന്നും സാംസ്കാരിക കായിക വകുപ്പ് മന്ത്രി സലാഹ് ബിൻ ഗാനെം അൽ അലി പറഞ്ഞു. ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ഭിന്നത ഖത്തറിെൻറ സാംസ്കാരിക കായിക കാര്യങ്ങളിൽ നിന്നും ഏറെ വിദൂരത്താണെന്നും ഒരുനിലക്കും ഇവ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ ഒരു കുടക്കീഴിൽ നിർത്തുന്നതിൽ മുഖ്യപങ്ക് സാംസ്കാരിക–കായിക പരിപാടികൾക്കാണെന്നും അറബ്–ഇസ്ലാമിക് സംസ്കാരത്തിെൻറ അടിയുറച്ച തത്വങ്ങളിലൂന്നിയാണ് ഖത്തർ സംസ്കാരം നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹ രാജ്യാന്തര പുസ്തകമേള ആഗോളതലത്തിൽ നിന്നുള്ളതാണെന്നും, ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങളുടെ വിമുഖതയെ അതൊരിക്കലും ആശ്രയിക്കുന്നില്ലെന്നും മന്ത്രി സാലിഹ് ബിൻ ഗാനെം അൽ അലി ചൂണ്ടിക്കാട്ടി. നവംബർ 30ന് ആരംഭിക്കാനിരിക്കുന്ന ദോഹ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്നവരുമായി ബന്ധപ്പെട്ട ഖത്തർ വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദോഹ പുസ്തക മേളക്കോ മറ്റു സാംസ്കാരിക പരിപാടികൾക്കോ ആകട്ടേ, ഉപരോധരാജ്യങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മുമ്പിൽ ഖത്തറിെൻറ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, പുസ്തകമേളയിൽ പങ്കെടുക്കുന്നതിനുള്ള പവലിയൻ രെജിസ്േട്രഷൻ അവസാനിച്ചിരിക്കുന്നുവെന്നും ഇപ്പോഴും വിവിധ മേഖലകളിൽ നിന്നും പങ്കെടുക്കുന്നതിനായി മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു. ഈ വർഷത്തെ ദോഹ പുസ്തകമേള വേറിട്ടതായിരിക്കുമെന്നും കൂടുതൽ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിനായി ചില പരിപാടികൾ റദ്ദാക്കുന്നത് സംബന്ധിച്ച് ചർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.