ദോഹ: പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയും കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുമായി സ്വകാര്യ കമ്പനികളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നീക്കം ചെയ്തത് 176000 ടൺ ഉപയോഗിച്ച ടയർ. 2020ൽ ആരംഭിച്ച പദ്ധതിയിലൂടെ റൗദത് റാഷിദിലും ഉമ്മുൽ അഫാഇയിലുമായി യഥാക്രമം 12000 ടൺ, 56000 ടൺ ടയറുമാണ് പരിസ്ഥിതി സൗഹൃദ മാനദണ്ഡം പാലിച്ച് നീക്കിയത്.
രാജ്യത്തെ ഉപയോഗിച്ച ടയർ മാലിന്യത്തിന്റെ എല്ലാ സ്റ്റോക്കും പൂർണമായും മുനിസിപ്പാലിറ്റി മന്ത്രാലയം നീക്കംചെയ്തെന്നും മേഖലയിൽതന്നെ ഇത്തരത്തിൽ ആദ്യമായാണ് ടയർ നീക്കം ചെയ്യുന്നതെന്നും മന്ത്രാലയത്തിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഹമദ് ജാസിം അൽ ബഹർ പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഖത്തർ വിഷൻ 2030 ലക്ഷ്യങ്ങളും കൈവരിക്കുന്നതിന്റെ ഭാഗമായുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണിതെന്ന് ഹമദ് ജാസിം അൽ ബഹർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിസൈദിൽ ടയർ റീസൈക്ലിങ് ഫാക്ടറികൾക്ക് സമീപമുള്ള പുതിയ സൈറ്റിൽ പ്രതിദിനം ടയർ മാലിന്യം സ്വീകരിക്കുന്ന നടപടി ഉടൻ പ്രഖ്യാപിക്കും. അത്യാധുനിക പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവ ഉടനടി റീസൈക്കിൾ ചെയ്യുമെന്നും അൽ ബഹർ കൂട്ടിച്ചേർത്തു.
സ്വകാര്യമേഖലയുടെ സഹകരണത്തോടെ 2020ലാണ് ഉമ്മുൽ അഫാഇയിൽ ലാൻഡ്ഫില്ലിൽ ടയറുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. ഉപയോഗിച്ച ടയറുകൾ പൊടിച്ച് കയറ്റുമതി ചെയ്യുന്നതിന് മൂന്ന് കമ്പനികൾക്ക് ടെണ്ടർ നൽകി. ലാൻഡ്ഫിൽ സൈറ്റിലെ ടയർ മാലിന്യ സ്റ്റോക്കുകൾ അവർ പൂർണമായും നീക്കി. ആകെ 56000 ടൺ ടയർ ഇവിടെ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിമാസം 2000 ടൺ എന്ന നിരക്കിൽ ഉപയോഗിച്ച ടയറുകൾ നീക്കം ചെയ്യുന്നതിനായുള്ള റൗദത് റാഷിദ് ലാൻഡ്ഫില്ലിലെ നീക്കംചെയ്യൽ പ്രക്രിയ മന്ദഗതിയിലായിരുന്നു. 2021 വരെ ടയർ ഡിസ്പോസൽ നിരക്ക് 20 ശതമാനം കവിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അഭാവവും അവർക്കിടയിലെ പ്രാദേശിക വിപണികളുടെ അഭാവവുമാണ് ഇതിന് കാരണമെന്നും പറഞ്ഞു.
ഇതിനെ തുടർന്ന് ടയർ ഷ്രെഡിങ് വർക് ഷോപ്പുകളുടെ എണ്ണം 2020ലെ നാലിൽ നിന്ന് 2021ൽ 23 ആക്കി ഉയർത്തി. ടയർ റീസൈക്ലിങ് ഫാക്ടറികളുമായും ടയർ ഷ്രെഡർ വർക് ഷോപ്പുകളുമായും 2022 ജൂണിൽ കരാർ ഒപ്പുവെച്ചതായും അദ്ദേഹം വിശദീകരിച്ചു. 2022ന്റെ രണ്ടാം പകുതിയിൽ ടയർ ഡിസ്പോസൽ പ്രക്രിയ 600 ശതമാനം എന്ന തോതിൽ മെച്ചപ്പെടുത്തി. ഈ വർഷം ജനുവരി അവസാനത്തോടെ ഏകദേശം 120000 ടൺ ടയർ നീക്കം ചെയ്തതായും ഇത് വലിയ നേട്ടമാണെന്നും അൽ ബഹർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.