ദോഹ: ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെയും ഇടപാടുകളിലെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിന്റെയും ഭാഗമായി വാണിജ്യ, വ്യവസായ മന്ത്രാലയം വിവിധ പരിശോധന കാമ്പയിനുകൾ നടത്തി. ഉപഭോക്തൃകാര്യ മേഖലയിൽ പ്രമോഷനുകളുടെ സാധ്യത പരിശോധിക്കുന്നതിനും പരാതികളിൽ തീർപ്പ് കൽപിക്കുന്നതിനും വിപണി നിയന്ത്രിക്കുന്നതിനുമായി വർഷത്തിന്റെ ആദ്യ പകുതിയിൽ 38,089 പരിശോധന കാമ്പയിനുകൾ നടത്തിയതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.
വിൽപനക്കും പ്രമോഷനുകൾക്കുമായി 8781 പരസ്യ ലൈസൻസുകൾ ഇക്കാലയളവിൽ അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ കാര്യങ്ങൾ, വാണിജ്യ വ്യാപാര രജിസ്ട്രേഷനുകൾ, ലൈസൻസുകൾ തുടങ്ങി വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ട്വീറ്റിലുണ്ട്.
വർഷത്തിലെ ആദ്യ ആറു മാസത്തിനുള്ളിൽ 204 വ്യവസായ ലൈസൻസുകൾ പുതുക്കിനൽകിയതായും ഫാക്ടറികൾക്കായി 159 കസ്റ്റംസ് ഇളവ് അപേക്ഷകളും ഫാക്ടറികളിൽ ശേഷി വർധിപ്പിക്കാനും പരിഷ്കരിക്കാനും 287 അപേക്ഷകളും ലഭിച്ചതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
അതേസമയം, ഖത്തറിലെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ പകുതിയിൽ 1952 പരിശോധന കാമ്പയിനുകൾ നടത്തി.
ഇക്കാലയളവിൽ 7842 കമേഴ്സ്യൽ രജിസ്ട്രേഷനുകൾ (സി.ആർ) അനുവദിക്കുകയും 67,541 വ്യക്തികൾ വാണിജ്യ രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷിക്കുകയും ചെയ്തു.കൂടാതെ 17632 വാണിജ്യ ലൈസൻസുകൾ ഇഷ്യൂ ചെയ്തപ്പോൾ 17,800 വ്യക്തികൾ വാണിജ്യ പ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കാനും ഭേദഗതി ചെയ്യാനുമായി അപേക്ഷ സമർപ്പിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ അവകാശങ്ങൾ മികച്ചതാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ജൂൺ വരെ 63,093 പരിശോധനകളാണ് നടത്തിയത്. കമ്പനികളിൽ പുതിയ ബ്രാഞ്ച് കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട് 6081 അപേക്ഷകളും ഇക്കാലയളവിൽ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.