ദോഹ: ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ 15,000 ജീവനക്കാർക്ക് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻ.സി.എസ്.എ) പരിശീലനം നൽകി. എൻ.സി.എസ്.എക്ക് കീഴിലെ നാഷനൽ സൈബർ എക്സലൻസ് വിഭാഗമാണ് സൈബർ കുറ്റകൃത്യം തടയലിന്റെ ഭാഗമായി മന്ത്രാലയ ജീവനക്കാർക്ക് പരിശീലനം നൽകിയത്.
ഖത്തർ സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും ഐ.ടി, സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും വിദഗ്ധരുടെയും തൊഴിൽ കാര്യക്ഷമത വർധിപ്പിക്കുകയും ഐ.ടി സംവിധാനങ്ങൾ സംബന്ധിച്ച് പൊതുമേഖല ജീവനക്കാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയും ലക്ഷ്യം വെച്ചാണ് ഇത്തരം പരിശീലനം.
591 സ്കൂൾ ലീഡർമാർ, 10,175 അധ്യാപകർ, 2638 അഡ്മിൻ ജീവനക്കാർ എന്നിവരും എൻ.സി.എസ്.എ പരിശീലനം ലഭിച്ചവരിലുൾപ്പെടും. സൈബർ ക്രൈം പ്രിവൻറിവ് പ്രോഗ്രാം ട്രെയിനിങ്ങിനായി രജിസ്റ്റർ ചെയ്ത 15,000 ജീവനക്കാരിൽ 12,000ത്തിലധികം ജീവനക്കാർ വിജയം കൈവരിച്ചെന്ന് നാഷനൽ സൈബർ എക്സലൻസ് വിഭാഗം മേധാവി ദലാൽ അൽ അഖീദി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികളിൽ തങ്ങളുടെ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് എജുക്കേഷനൽ ട്രെയ്നിങ് ആൻഡ് ഡെവലപ്മെൻറ് സെൻറർ തലവൻ ഹിസ്സ അൽ ആലി പറഞ്ഞു. പരിശീലന പരിപാടിയിലെ വിജയശതമാനം ഉയർന്നതാണെന്നും സ്കൂൾ ലീഡർമാർ, അധ്യാപകർ, ഭരണനിർവഹണ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പരിശീലനത്തിൽ പങ്കെടുത്തതായും ഹിസ്സ അൽ ആലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.