ദോഹ: പുതിയ റിക്രൂട്ട്മെന്റിനായി കഴിഞ്ഞ ഡിസംബർ മാസത്തിൽ 5616 അപേക്ഷകൾ ലഭിച്ചതായി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഇതിൽ 2569 അപേക്ഷകൾ തീർപ്പാക്കി. തൊഴിൽ പരിഷ്കരിക്കാനായി ലഭിച്ച മൊത്തം 3376 അപേക്ഷകളിൽ 3374ഉം അംഗീകരിച്ചിട്ടുണ്ട്.
1244 വർക്ക് പെർമിറ്റുകൾക്കായുള്ള അപേക്ഷകളാണ് ഡിസംബറിൽ മന്ത്രാലയത്തിന് ലഭിച്ചത്. പെർമിറ്റ് പുതുക്കാനുള്ള 561 അപേക്ഷകളും പുതിയ പെർമിറ്റ് അനുവദിക്കാനുള്ള 459 അപേക്ഷകളും പെർമിറ്റ് റദ്ദാക്കാനുള്ള 224 അപേക്ഷകളും ഉൾപ്പെടെയാണിത്. റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധനക്കായി 59 തവണ സന്ദർശനം നടത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിന് ആറു ഓഫിസുകൾക്ക് മുന്നറിയിപ്പ് നൽകി. ഒരു റിക്രൂട്ട്മെന്റ് ഓഫിസിന് ഉപദേശവും മാർഗനിർദേശവും നൽകിയതായും ബുള്ളറ്റിനിൽ വ്യക്തമാക്കി.
തൊഴിൽ വിപണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ വിവിധ മേഖലകളിലായി ലേബർ ഇൻസ്പെക്ഷൻ ഡിപാർട്ട്മെന്റ് 3375 പരിശോധനകൾ നടത്തി. ഇതിൽ 695 ലംഘനങ്ങൾ കണ്ടെത്തി. 592 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് സൂചനകൾ നൽകി. ലേബർ റിലേഷൻസ് ഡിപാർട്ട്മെന്റിന് 1,757 തൊഴിൽ പരാതികളാണ് ഡിസംബറിൽ ലഭിച്ചത്.
ഇതിൽ 389 പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. 249 എണ്ണം തൊഴിൽ തർക്ക പരിഹാര സമിതികളിലേക്ക് റഫർ ചെയ്തു. വീട്ടുജോലിക്കാരുടെ 62 പരാതികൾ ലഭിച്ചതിൽ 23 എണ്ണം തീർപ്പാക്കി. എട്ടു പരാതികളാണ് തർക്ക പരിഹാര സമിതികളിലേക്ക് റഫർ ചെയ്തത്.
പൊതുജനങ്ങളിൽനിന്ന് ലേബർ റിലേഷൻസ് ഡിപാർട്മെന്റിന് ലഭിച്ച 89 റിപ്പോർട്ടുകളിൽ എല്ലാം തീർപ്പാക്കി. ഡിസംബറിൽ തൊഴിൽ തർക്ക പരിഹാര സമിതിയിലേക്ക് റഫർ ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 1,734 ആണ്. 378 എണ്ണത്തിൽ തീരുമാനമായപ്പോൾ 672 കേസുകളിൽ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.