ദോഹ: പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ആഭ്യന്തര സുരക്ഷാസേനയുടെ (ലെഖ്വിയ) പരിസ്ഥിതി സുരക്ഷയുമായി സഹകരിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗത്തെ നിരവധി പുൽമേടുകളിൽ വ്യാപക പരിശോധന കാമ്പയിൻ നടത്തി. രാജ്യത്ത് പെയ്യുന്ന മഴയോടനുബന്ധിച്ചായിരുന്നു പരിശോധന.
വന്യജീവികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സന്ദർശകർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ, പരിസ്ഥിതി ലംഘനങ്ങൾ നിരീക്ഷിക്കൽ, പ്രത്യേകിച്ച് പുൽമേടുകൾ ചവിട്ടിമെതിക്കുന്നതുമായി ബന്ധപ്പെട്ടവ എന്നിവയാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്.
ശൈത്യകാലവും ശൈത്യകാല ക്യാമ്പിങ് സീസണും ആരംഭിച്ചതോടെ മരുഭൂ പ്രദേശങ്ങളിൽ വന്യജീവി സംരക്ഷണ വകുപ്പ് ഇടക്കിടെ പരിശോധന നടത്തിയിരുന്നു. ഇതിൽ പുൽമേടുകൾ ചവിട്ടിമെതിക്കലും മാലിന്യം തള്ളലുമടക്കം നിരവധി പാരിസ്ഥിതിക നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ വേട്ടയാടുന്നവർ ഉപയോഗിക്കുന്ന പക്ഷികളെ വിളിക്കുന്ന വിസിലുകൾ പിടികൂടുകയും ചെയ്തു.
പരിസ്ഥിതി നിയമലംഘനങ്ങൾ നിരീക്ഷിക്കാനും പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്ന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കാമ്പയിനുകൾ. ചിലയിനം പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നത് തടയലും ഉദ്ദേശിക്കുന്നുണ്ട്.
ക്യാമ്പിങ് പെർമിറ്റുകൾ അനുസരിച്ച നിബന്ധനകൾ സൈറ്റുകളിൽ ക്യാമ്പർമാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കുന്നുണ്ട്. താഴ്വരകളും പുൽമേടുകളുമടക്കം നിരോധിത സ്ഥലങ്ങളിലേക്ക് ക്യാമ്പർമാർ അതിക്രമിച്ച് കടക്കുന്നതും ക്യാമ്പ് സ്ഥലങ്ങൾ മറ്റുള്ളവർക്ക് വാടകക്ക് കൈമാറുന്നതും പരിശോധിക്കുന്നുണ്ട്. ശൈത്യകാല ക്യാമ്പിങ് നിയമങ്ങൾ ലംഘിച്ചവർക്കെതിരെ ഉടൻ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.