ദോഹ: പ്രാദേശിക സേവനങ്ങളും ഉൽപന്നങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് 'തഹ്ഫീസ്' പദ്ധതിയുമായി ഖത്തർ ധനകാര്യ മന്ത്രാലയം. ഖത്തർ ഇൻ കൺട്രി വാല്യൂ (ക്യു.ഐ.സി.വി), എൻവയോൺമെൻറൽ, സോഷ്യൽ ആൻഡ് ഗവേണൻസ് (ഇ.എസ്.ജി), ഇടത്തരം ചെറുകിട സംരംഭങ്ങൾ (എസ്.എം.ഇ) എന്നീ മൂന്ന് സ്തംഭങ്ങളിലൂന്നിയാണ് 'തഹ്ഫീസ്' നടപ്പാക്കുക. ഖത്തർ വിഷൻ 2030നോടനുബന്ധിച്ച് രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിന് സംഭാവന നൽകുന്നതിനായി സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താൻ പദ്ധതിക്കാവുമെന്ന് ധനമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു.
ഖത്തറിലെ സ്വകാര്യ മേഖലയുടെ വികസന വളർച്ചക്ക് പിന്തുണ നൽകാൻ വിധത്തിലാണ് തഹ്ഫീസ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഖത്തർ ഉൽപന്നങ്ങൾ ലോകത്തിെൻറ വിവിധഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും പദ്ധതിക്കാകുമെന്നും അൽ കുവാരി കൂട്ടിച്ചേർത്തു. ഖത്തർ എനർജിയുടെ തൗതീൻ പ്രോഗ്രാമിെൻറ ഭാഗമായ ക്യു.ഐ.സി വിയിലൂടെയാണ് തഹ്ഫീസ് പ്രോഗ്രാമിന് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി. വിവര കൈമാറ്റത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയുടെ വളർച്ചയും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുന്നതിനായി ധനകാര്യ മന്ത്രാലയം സ്വീകരിച്ച് വരുന്ന വിവിധ പദ്ധതികളിലൊന്നാണ് തഹ്ഫീസ് പദ്ധതി. ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷനും ദേശീയ കമ്പനികളും തമ്മിലുള്ള സിസ്റ്റം കോൺട്രാക്ടുകൾ, ദേശീയ ഉൽപന്നങ്ങൾക്കായുള്ള ഭക്ഷ്യസുരക്ഷ നയങ്ങൾ വികസിപ്പിച്ചത് തുടങ്ങിയവ ഇതിൽപെടുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.