ദോഹ: 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പച്ചപ്പ്, വ്യായാമത്തിന് ജോഗിങ് ട്രാക്കും, കാറ്റും തണലുമേറ്റിരിക്കാൻ മരങ്ങളും. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കാനും കളിക്കാനുമെല്ലാം സൗകര്യങ്ങളോടെ വക്റ മുനിസിപ്പാലിറ്റിക്കു കീഴിൽ മിസൈദ് പബ്ലിക് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകി. മിസൈദിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർക്ക് പ്രധാന വിനോദ കേന്ദ്രമായി മാറുന്ന പാർക്ക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ഉദ്ഘാടനം ചെയ്തു. അൽ വക്റക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പാർക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
38,000ത്തിലേറെ ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പാർക്കിൽ 676 മീറ്റർ നീളത്തിലുള്ള നടപ്പാത റബറൈസ് ചെയ്താണ് ഒരുക്കിയിട്ടുള്ളത്. 11,316 ചതുരശ്ര മീറ്റർ പ്രകൃതിദത്ത പുല്ലും മരങ്ങളും ഈന്തപ്പനകളും നിറഞ്ഞ ഹരിതയിടങ്ങളും പാർക്കിലുണ്ട്. ആധുനിക ഓട്ടോമാറ്റിക് ജലസേചന രീതികളാണ് ഉപയോഗിക്കുന്നത്. മുതിർന്നവർക്കും ആറ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി മൂന്ന് തരം ഫുട്ബാൾ ഗ്രൗണ്ടുകളും പാർക്കിൽ തയാറാക്കിയിട്ടുണ്ട്. ബാസ്കറ്റ്ബാൾ കോർട്ടും ടെന്നീസ് കോർട്ടും സജ്ജമാണ്. 130 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ജലധാര, 350 ചതുരശ്രമീറ്ററിൽ പെർഗോളകൾ, 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി കളിസ്ഥലം എന്നിവയുമുണ്ട്.
ശീതീകരിച്ച വിശ്രമ മുറികൾ, പ്രാർഥനാമുറി, ഫിൽട്ടർ ചെയ്ത കുടിവെള്ള സൗകര്യം എന്നിവ പാർക്കിൽ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ സർവിസ് ഏരിയകൾ, അഗ്നിശമന സംവിധാനങ്ങൾ, നിരീക്ഷണകാമറകൾ, സുരക്ഷ മുറികൾ എന്നിവയുമുണ്ട്. 132 പാർക്കിങ് കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ഖത്തറിലെ പൊതുപാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കാലയളവിൽ നിരവധി വൃക്ഷത്തൈകളാണ് നട്ടത്. 2019-2022 കാലയളവിൽ ദശലക്ഷത്തിലധികം വൃക്ഷത്തൈകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചതായും, 2013-2030 കാലയളവിലേക്കുള്ള ഒരു കോടി വൃക്ഷം പദ്ധതി സജീവമായി മുന്നേറുന്നതായും അറിയിച്ചു.
2013ൽ 113 പാർക്കുകളാണുണ്ടായിരുന്നതെങ്കിൽ 27 ശതമാനം വർധന രേഖപ്പെടുത്തി പത്ത് വർഷത്തിനിപ്പുറം പാർക്കുകളുടെ എണ്ണം 144 ആയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഈ വർഷം മാത്രം പുതിയ 15 പാർക്കുകളാണ് പ്രവർത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.