ദോഹ: ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ എക്സ്പോയുമായി കൈകോർത്ത് മിഷൈരിബ് പ്രോപ്പർട്ടീസ്. ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാവുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയുടെ ഔദ്യോഗിക സുസ്ഥിര നഗര പങ്കാളിയായി മിഷൈരിബ് പ്രോപ്പർട്ടീസ് ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയുടെ സാന്നിധ്യത്തിൽ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറിയും മിഷൈരിബ് പ്രോപ്പർട്ടീസ് സി.ഇ.ഒ അലി മുഹമ്മദ് അൽ കുവാരിയും കരാറിൽ ഒപ്പുവെച്ചു.
ഖത്തർ ഫൗണ്ടേഷനുകീഴിലെ നിർമാണ പദ്ധതിയായ മിഷൈരിബ് പ്രോപ്പർട്ടീസ് സുസ്ഥിര മാതൃക പിന്തുടർന്നുള്ള ലോകപ്രശസ്ത ഡെവലപ്പിങ് പദ്ധതിയാണിത്. മിഷൈരിബ് ഡൗൺ ടൗൺ, മിഷൈരിബ് ഹോസ്പിറ്റാലിറ്റി, മിഷൈരിബ് മ്യൂസിയം തുടങ്ങിയ പദ്ധതികൾ പഴമയുള്ള വാസ്തുവിദ്യയും അത്യാധുനിക സൗകര്യങ്ങളും ഖത്തർ പൈതൃകവും പരിസ്ഥിതി സൗഹൃദ-സുസ്ഥിര വികസന പദ്ധതികൾ എന്ന നിലയിലാണ് ശ്രദ്ധേയം.
ദോഹ എക്സ്പോയിലേക്ക് വിവിധ രാജ്യങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന 30 ലക്ഷത്തോളം സന്ദർശകർക്ക് സുസ്ഥിരതയുടെ മാതൃക പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച പങ്കാളി കൂടിയായി മിഷൈരിബ് പ്രോപ്പർട്ടീസ് മാറും.
മിഷൈരിബ് പ്രോപ്പർട്ടീസിനെ എക്സ്പോ ഔദ്യോഗിക സുസ്ഥിര നഗര പങ്കാളിയായി സ്വാഗതം ചെയ്യുന്നത് അഭിമാനകരമെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറി പറഞ്ഞു. സുസ്ഥിര നഗര വികസന പദ്ധതികളിലെ അവരുടെ പരിചയവും മികവും മൂല്യങ്ങളും എക്സ്പോയുടെ ലക്ഷ്യങ്ങൾക്കും പ്രചോദനം നൽകുന്നതാണ്. മാറ്റങ്ങൾക്ക് പ്രചോദനവും പുതുമയേറിയ സുസ്ഥിര ഭാവി പദ്ധതികൾക്ക് മാതൃകയുമാവാൻ മിഷൈരിബ് പ്രോപ്പർട്ടീസ് സംവിധാനങ്ങൾ സഹായകമാവും -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മിഷൈരിബ് ഡൗൺ ടൂർ ഉൾപ്പെടെ എക്സ്പോയുടെ ഭാഗമായി അവതരിപ്പിക്കും. എക്സ്പോയിൽ പങ്കാളികളാകുന്ന സുസ്ഥിര നിർമാതാക്കളുമായി വിവരങ്ങൾ കൈമാറാനും, പുതുമയേറിയ നഗര വികസന പദ്ധതിയുടെ ആശയങ്ങൾ പങ്കുവെക്കാനും ഉൾപ്പെടെ മിഷൈരിബ് പ്രോപ്പർട്ടീസ് അവസരം നൽകും.
ലോകകപ്പിനുശേഷം, ഖത്തർ വേദിയൊരുക്കുന്ന ഏറ്റവും വലിയ മേളയായ എക്സ്പോക്ക് ഒക്ടോബർ രണ്ടിനാണ് തുടക്കം കുറിക്കുന്നത്. 80 രാജ്യങ്ങൾ സ്ഥിര പങ്കാളികളാകുന്ന മേളയിൽ 30 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.