ദോഹ: വിവർത്തനത്തിനും അന്താരാഷ്ട്ര ധാരണക്കും നൽകുന്ന നാലാമത് ശൈഖ് ഹമദ് അവാർഡ് 2020നായി 300ലധികം സൃഷ്ടികളാണ് ഇത്തവണ ലഭിച്ചതെന്ന് അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റീസ് അറിയിച്ചു. എൻട്രികളുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായും അവർ വ്യക്തമാക്കി.
വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്ത് 42 അറബ്-വിദേശരാജ്യങ്ങളിൽനിന്ന് 300ലധികം എൻട്രികളാണ് അവാർഡിനായി സമർപ്പിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ കൂടുതൽ എൻട്രികൾ എത്തിയിരിക്കുന്നുവെന്നും കഴിഞ്ഞ വർഷം 234 എൻട്രികളാണ് വന്നതെന്നും അവാർഡ് കമ്മിറ്റി മാധ്യമ വക്താവ് ഡോ. ഹനാൻ അൽ ഫയ്യാദ് പറഞ്ഞു. 2015 മുതലാണ് വിവർത്തന, അന്താരാഷ്ട്ര ധാരണ എന്നീ മേഖലകളിലെ സമഗ്ര സംഭാവനക്ക് ശൈഖ് ഹമദ് പുരസ്കാരം നൽകിത്തുടങ്ങിയത്.
ഡിസംബർ 12നാണ് ഇത്തവണത്തെ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുക. ഖത്തറിന് പുറമെ, ഒമാൻ, കുവൈത്ത്, ഇറാഖ്, സിറിയ, ഫലസ്തീൻ, ജോർദാൻ, ലബനാൻ, തുനീഷ്യ, അൾജീരിയ, മൊറോകോ, നൈജർ, നൈജീരിയ, സെനഗൽ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ, സ്വീഡൻ, നെതർലാൻഡ്സ്, ബെൽജിയം, ഡെന്മാർക്ക്, കാനഡ, അമേരിക്ക, ബ്രിട്ടൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള എൻട്രികളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. 20 ലക്ഷം ഡോളറാണ് അവാർഡുകളുടെ ആകെ മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.