ദോഹ: സുസ്ഥിര വികസന സംരംഭം എന്ന നിലയിൽ മിഡിലീസ്റ്റിലെ തന്നെ ശ്രദ്ധേയമായ മുശൈരിബ് ഡൗൺടൗണിന് ഗിന്നസ് റെക്കോഡ് പുസ്തകത്തിന്റെ തിളക്കം. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് കാർപാർക്കിങ് സൗകര്യം എന്ന റെക്കോഡുമായാണ് മുശൈരിബ് പുതിയ നേട്ടം സ്വന്തമാക്കിയത്. 10,017 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മുശൈരിബ് ഡൗൺടൗണിന് നഗര വികസന മാതൃകയിൽ പുതുനേട്ടം സമ്മാനിച്ചത്. ഖത്തറിന്റെ ആസൂത്രിത അത്യാധുനിക നഗരം എന്ന നിലയിൽ ശ്രദ്ധേയമായ മുശൈരിബ് ഡൗൺടൗൺ നിർമാണം കൊണ്ട് ലോകോത്തരമാണ്. ബഹുനില കെട്ടിടങ്ങളുടെ താഴ്ഭാഗത്തായി വിശാല പാർക്കിങ്, വലിയ ജനസാന്ദ്രതയിലും തിരക്ക് അനുഭവപ്പെടാത്ത നിരത്തുകൾ, കാൽനടക്കാർക്കുള്ള നടപ്പാത സൗകര്യങ്ങൾ, മെട്രോയും ട്രാമും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം ഡൗൺ ടൗണിനെ ആകർഷകമാക്കുന്നു. ഈ മികവിനൊരു പൊൻതൂവലായാണ് കാർപാർക്കിങ്ങിന് ഗിന്നസ് നേട്ടവുമെത്തുന്നത്.
ആറു നിലകളിലായാണ് 10,000ത്തിലേറെ വാഹനങ്ങൾക്ക് പാർക്കു ചെയ്യാനുള്ള സൗകര്യമുള്ളത്. വാഹന ഡ്രൈവർമാർക്ക് ലഭ്യമായ പാർക്കിങ് ഒഴിവിലേക്ക് വഴികാണിക്കുന്ന ആധുനിക സൗകര്യങ്ങളും, പാർക്ക് ചെയ്തു പോയ ശേഷം തിരികെയെത്തുമ്പോൾ അനായാസം വാഹനം കണ്ടെത്താനുള്ള സൗകര്യങ്ങളുമെല്ലാം ഇവിടെയുണ്ട്. ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് പാർക്കിങ് എന്ന നിലയിൽ മുശൈരിബ് ഡൗൺടൗണിനെ പുരസ്കാരം അർഹരാവുന്നത് മികച്ച അംഗീകാരമാണെന്ന് ഗിന്നസ് വേൾഡ് റെക്കോഡ് ഉദ്യോഗസ്ഥൻ റഫാത് തൗഫിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.