ദോഹ: ദേശീയദിനത്തിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. എല്ലാവർഷവും ഡിസംബർ 18നാണ് ദേശീയദിനമായി ആഘോഷിക്കുന്നത്. എന്നാൽ പ തിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തേ തന്നെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം ജൂൺ 14ന് പ്രകാശനം ചെയ്യുമെന്ന് ദേശീയദിന സംഘാടക സമിതി അറിയിച്ചു. സാധാരണയായി ദേശീയദിന മുദ്രാവാക്യം എല്ലാ വർഷവും നവംബർ മാസത്തിലാണ് പുറത്തുവിടാറുള്ളത്. എന്നാൽ ഇത്തവണ അത് ജൂണിൽ തന്നെയാക്കി.
രാഷ്ട്രപിതാവായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയാണ് ഖത്തറിനെ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. 1916 മുതൽ 71 വരെ ദീർഘകാലത്തോളം ബ്രിട്ടന് കീഴിലായിരുന്ന ഖത്തർ 1971 സെപ്റ്റംബർ മൂന്നിനാണ് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് പൂർണമായും സ്വാതന്ത്ര്യം നേടുന്നത്. 1970ൽ രൂപം നൽകിയ താൽക്കാലിക ഭരണഘടനയുടെ പിൻബലത്തിൽ അതേ വർഷം മേയ് 29ന് ഖത്തറിൽ പ്രഥമ മന്ത്രിസഭ അധികാരമേറ്റു. ശൈഖ് അഹ്മദ് ബിൻ അലി ആൽഥാനിയുടെ പിൻഗാമിയായി 1972ൽ ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയാണ് സ്വതന്ത്ര ഖത്തറിെൻറ ആദ്യ അമീർ.
ആധുനിക ഖത്തറിെൻറ വികസനത്തിന് ചുക്കാൻ പിടിച്ച ഭരണാധികാരികളിലൊരാളായിരുന്നു ശൈഖ് ഖലീഫ. എണ്ണയുൽപാദനം ദേശസാത്കരിച്ചതും എണ്ണ-പ്രകൃതിവാതക മേഖല വൻതോതിലുള്ള പുരോഗതി കൈവരിച്ചതും ഇദ്ദേഹത്തിെൻറ കാലത്താണ്.
ശേഷം അധികാരത്തിലേറിയ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും ദീർഘവീക്ഷണത്തോടെയുള്ള ഭരണമാണ് രാജ്യത്തിെൻറ മുഖഛായ തന്നെ മാറ്റിയത്.
സാമ്പത്തിക വളർച്ചക്കും സമ്പദ്ഘടനയുടെ സ്ഥിരതക്കും എണ്ണവരുമാനം മാത്രം മതിയാകുകയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഭരണകൂടം എണ്ണയിതര സാമ്പത്തിക പ്രക്രിയകളിലേക്കു തിരിഞ്ഞത്. സാമ്പത്തിക വളർച്ചക്ക് സ്വകാര്യമേഖലയുടെ പങ്ക് സാധ്യമാക്കുന്നതിനും വൻ പ്രാധാന്യമാണ് ഭരണകൂടം നൽകുന്നത്. എണ്ണയുൽപാദനരംഗത്ത് വൻശക്തിയല്ല ഖത്തർ. എന്നാൽ പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യം മുമ്പന്തിയിലുണ്ട്. ഇതിനാൽ എൽ.എൻ.ജി മേഖലയിൽ വൻകിട പദ്ധതികൾ നടത്തുന്നു. ഈ മേഖലയിലെ വൈവിധ്യവത്കരണത്തിലാണ് ഖത്തർ.
'നഹ്മദുക യാദൽ അർശ്' അഥവ 'സർവസ്തുതിയും പ്രഞ്ചനാഥന്' എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഉപരോധത്തിനിടയിലും ഭംഗിയായി മുന്നോട്ടുപോകാൻ അനുഗ്രഹം നൽകിയതിന് ദൈവത്തെ സ്തുതിക്കുകയായിരുന്നു അതിലൂടെ. 2021 ദേശീയദിനം ഇരട്ടിമധുരത്തിേൻറതുകൂടിയാണ്. കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുെവച്ചതോടെ ഖത്തറിനെതിരായ ഉപരോധവും അവസാനിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം ഉപരോധം ഇല്ലാത്ത ദേശീയദിനം കൂടിയാണ് രാജ്യം ആഘോഷിക്കാൻ പോകുന്നത്.
ഖത്തറിെൻറ ദേശീയസ്വത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാർഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതായിരിക്കും പുതിയ മുദ്രാവാക്യം. ദേശീയദിന സംഘാടകസമിതിയുടെ പങ്കാളിത്തം, പ്രചോദനം, സർഗാത്മകത, സുതാര്യത തുടങ്ങിയ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതായിരിക്കും മുദ്രാവാക്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.