ദോഹ: നവംബർ 21 മുതൽ ഡിസംബർ 18 വരെ മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥ്യമരുളുമ്പോൾ സുരക്ഷ പിന്തുണ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നാറ്റോ (നോർത്ത് അത്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ) രംഗത്ത്. കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ മെറ്റീരിയലുകൾ ഉയർത്തുന്ന ഭീഷണിക്കെതിരായ പരിശീലനമുൾപ്പെടെയായിരിക്കും സുരക്ഷാ പിന്തുണയെന്ന് പ്രസ്താവനയിൽ നാറ്റോ വ്യക്തമാക്കി. പ്രധാനപ്പെട്ട (വി.ഐ.പി) വ്യക്തികളുടെ സുരക്ഷ, സ്ഫോടക വസ്തുക്കൾ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുക തുടങ്ങിയവയിലെ പരിശീലനവും ഇതിലുൾപ്പെടുമെന്നും സഖ്യം സൂചിപ്പിച്ചു. നിരവധി വർഷമായി ഖത്തർ നാറ്റോയുടെ പ്രധാന പങ്കാളിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കമായ ലോകകപ്പിന് പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഖത്തർ ഒരുക്കുന്നത്. വിവിധ രാജ്യങ്ങളിലെ സേനാവിഭാഗങ്ങളുടെ സഹകരണത്തോടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ മികവോടെയാണ് പരിശീലനം. ബ്രിട്ടൻ ഉൾപ്പെടെയും വിവിധ സേനാവിഭാഗങ്ങൾ നേരത്തേതന്നെ സുരക്ഷക്കായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.