ദോഹ: കോവിഡ് പ്രതിസന്ധിയിൽ വിവിധ പ്രയാസങ്ങളിൽപെട്ട് നട്ടംതിരിയുന്ന പ്രവാസികൾക്ക് വീണ്ടും കേന്ദ്ര, സംസ് ഥാന സർക്കാറുകളുടെ ഇരുട്ടടി. കൊറോണ വൈറസിൻെറ വകഭേദം യൂറോപ്പിലടക്കം വ്യാപകമായതിനെ തുടർന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്കായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത് ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഗൾഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. നാട്ടിലെ വിമാനത്താവളത്തിൽ എത്തിയാൽ മോളിക്കുലാർ ടെസ്റ്റ് സ്വന്തം ചെലവിൽ നടത്തണമെന്നുമാണ് പുതിയ ചട്ടത്തിൽ പറയുന്നത്.
വകഭേദം വന്ന കൊറോണ ൈവറസ് സാന്നിധ്യം അറിയാനുള്ളതാണ് മോളിക്കുലാർ ടെസ്റ്റ്. ഇതിൻെറ ചെലവ് അടക്കമുള്ള വിവരങ്ങൾ ഇന്നലെ പുറത്തുവന്നതോടെയാണ് പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും വരുത്തുന്നതാണെന്ന് വ്യക്തമാകുന്നത്.
നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ വൻകിട ജാഥകളടക്കം നടത്തി ഒരുവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കാത്ത അവസ്ഥയിലാണ് പ്രവാസികൾക്ക് മാത്രം കർശന നടപടികൾ കൊണ്ടുവരുന്നതെന്ന ആക്ഷേപമുണ്ട്. സർക്കാറിൻെറ പരിപാടികൾ അടക്കം സാമൂഹികഅകലം പാലിക്കാതെയാണ് നടക്കുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊതുപരിപാടികളും നടത്തുന്നത്. അപ്പോഴാണ് പ്രവാസികൾക്ക് മാത്രം കർശന നടപടികൾ കൊണ്ടുവരുന്നതെന്നാണ് ആക്ഷേപം.
യാത്ര ചെയ്യുന്നതിന് മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാട്ടിലെത്തി വീണ്ടും വിമാനത്താവളത്തിൽ നിന്ന് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ ചട്ടം. കേന്ദ്രത്തിൻെറ ചട്ടമാണെങ്കിലും സംസ്ഥാന സർക്കാറുകൾക്ക് ഈ വിഷയത്തിൽ ഇളവുകൾ അനുവദിക്കാൻ കഴിയും.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങൾ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽവന്നത്. യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ് മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നാണ് പുതിയചട്ടത്തിൽ പറയുന്നത്. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തുേമ്പാൾ പണമടച്ച് മോളിക്കുലാർ പരിശോധന നടത്തുകയും വേണം.
നാട്ടിലെ വിമാനത്താവളങ്ങളിൽ വൻനിരക്കാണ് മോളിക്കുലാർ പരിശോധനക്ക് ഈടാക്കുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് 1200ഉം കോഴിക്കോട്ട് 1350ഉം ആണ് നിരക്ക്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നതും കേരളത്തിലാണ്. ഡൽഹിയിൽ 900, ലക്നോവിൽ 500 എന്നിങ്ങനെയാണ് നിരക്ക്. സ്വകാര്യഏജൻസികൾക്ക് കരാർ കൊടുത്തതിനാൽ അവർ നിശ്ചയിക്കുന്ന നിരക്കാണിത്. ഈ തുകയിൽ കുറവ് വരുത്താനെങ്കിലും സംസ്ഥാനസർക്കാറിന് കഴിയുമെന്നിരിക്കെ സർക്കാർ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
കുട്ടികൾക്ക് പോലും നാട്ടിലെ വിമാനത്താവളത്തിൽ പരിശോധന വേണം. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിന് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികബാധ്യത ഭീമമാണ്. വിദേശത്ത് നിന്ന് 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലവുമായി മടങ്ങുന്നവരെ നാട്ടിൽ വീണ്ടും പിഴിയുന്ന ഏർപ്പാടാണിതെന്നും ആക്ഷേപമുണ്ട്. കേന്ദ്ര സർക്കാറിൻെറ നിർദേശം അനുസരിച്ച് ചെറിയ കുട്ടികൾ വരെ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് തവണ പരിശോധനക്ക് വിധേയമാകേണ്ടിവരുന്നു. നാട്ടിലെത്തിയാൽ ഏഴാം ദിവസമുള്ള പരിശോധന വേറെയും നടത്തണം.
അതേസമയം ദിനേന ആയിരക്കണക്കിന് കോവിഡ് രോഗികളും ആയിരക്കണക്കിന് ആളുകളും മരിക്കുകയും ചെയ്ത അമേരിക്കയിൽ നിന്ന് നേരിട്ട് ഇന്ത്യയിൽ എത്തുന്നവർക്ക് നാട്ടിൽ മോളിക്കുലാർ പരിശോധന ആവശ്യവുമില്ല.
ഖത്തറിൽ സർക്കാർ മേഖലയിൽ ചുരുങ്ങിയ തുകയാണ് കോവിഡ് ടെസ്റ്റിന് ഈടാക്കുന്നത്. ഹെൽത് കാർഡുള്ളവർക്ക് ഖത്തറിലെ സർക്കാർ ആശുപത്രികളിൽ 50 റിയാലാണ് കോവിഡ് ടെസ്റ്റിന് ഈടാക്കുക. ഹെൽത് കാർഡില്ലാത്തവർക്ക് അൽപം കൂടുതൽ തുക വേണം. ബാച്ചിലേഴ്സിന് ഖത്തർ റെഡ്ക്രസൻറിൻെറ വിവിധ ഹെൽത് സെൻററുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. ഹമദ് മെഡിക്കൽ കാർഡുള്ളവർക്ക് ഏതൊക്കെ ഹമദ് ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താൻ സൗകര്യമുണ്ടോ അവിടങ്ങളിലൊക്കെ യാത്രാ ആവശ്യത്തിനും ടെസ്റ്റ് നടത്താനാകും. പി.എച്ച്.സി.സികളിലും സൗകര്യമുണ്ട്. ടിക്കറ്റിൻെറ കോപ്പിയുമായാണ് എത്തേണ്ടത്. പിറ്റേദിവസം തന്നെ ഫലവും റിപ്പോർട്ടും ലഭ്യമാകും.
എന്നാൽ യാത്രാആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തുന്നവരോട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാണ് പൊതുവേ നിർദേശിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുള്ളവരുടെ പരിശോധനയുടെ തിരക്ക് മൂലമാണിത്. നിലവിൽ മലയാളികളടക്കമുള്ള നൂറുകണക്കിനാളുകളാണ് നാട്ടിലേക്കുള്ള യാത്രാആവശ്യത്തിനായി കോവിഡ് പരിശോധന നടത്താനായി ഖത്തറിലെ സർക്കാർ ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഖത്തറിൽ നിരവധി സ്വകാര്യ ആശുപത്രികളിൽ പരിശോധനക്ക് സൗകര്യമുണ്ട്. എന്നാൽ 380 റിയാൽ മുതൽ 500 റിയാൽ വരെയാണ് ഇതിനായി ഫീസ് ഈടാക്കുന്നത്.
ഇത്തരത്തിൽ നാട്ടിലെ പതിനായിരം രൂപ വരെ മുടക്കി കേരളത്തിൽ എത്തുേമ്പാൾ വീണ്ടും രണ്ടായിരം രൂപ വരെ മോളിക്കുലാർ പരിശോധനക്കും ഒരാൾക്ക് ചെലവിടേണ്ടിവരുന്നു. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബം ആണെങ്കിൽ മുപ്പതിനായിരത്തോളം രൂപ ഈയിനത്തിൽ ചെലവാകും.
താരതമ്യേന ദിവസേന കുറവ് രോഗികൾമാത്രം ഉണ്ടാകുന്ന, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് ഗൾഫ് രാജ്യങ്ങൾ. എന്നിട്ടും അവിടങ്ങളിൽ നിന്ന് വരുന്നവർക്ക് നാട്ടിൽ എത്തണമെങ്കിൽ വൻ സാമ്പത്തികബാധ്യതയാണ് പുതിയ ചട്ടപ്രകാരം ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.