ദോഹ: ലുസൈൽ ട്രാം സർവിസ് വിപുലീകരിച്ചതിനു പിന്നാലെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ഖത്തർ ഗതാഗത വകുപ്പും ഖത്തർ റെയിലും. തിങ്കളാഴ്ചയാണ് പിങ്ക് ലൈനിൽ പുതിയ സർവിസിന് തുടക്കം കുറിച്ചത്. ലുലൈസിലെ യാത്രാ സൗകര്യം കൂടുതൽ ലളിതമാക്കുന്നതിനായി ആരംഭിച്ച പുതിയ സർവിസ് ഓടിത്തുടങ്ങുമ്പോൾ ഈ വഴി സഞ്ചരിക്കുന്നവർ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് മുന്നറിയിപ്പുകൾ നൽകിയത്. മേഖല വഴിയുള്ള വാഹന-കാൽനട യാത്രക്കാർ ട്രാമിന്റെ നീക്കം സംബന്ധിച്ച് ബോധവാന്മാരായിരിക്കണം, ട്രാക്കുകളിലൂടെ ട്രാം സഞ്ചരിക്കുമ്പോൾ ട്രാഫിക് നിർദേശങ്ങൾ പാലിക്കുക. മോട്ടോർ വാഹനങ്ങളെ പോലെ സഡൻ ബ്രേക്കിൽ ട്രാമുകൾക്ക് നിർത്താൻ കഴിയില്ലെന്നും ഓർമിപ്പിച്ചു. നിലവിലെ ഓറഞ്ച് ലൈനിനു പുറമെ, പിങ്ക് ലൈനിൽകൂടി തിങ്കളാഴ്ച സർവിസ് ആരംഭിച്ചു. ലെഖ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാണ് പിങ്ക് ലൈൻ സര്‍വിസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനില്‍ ഉള്ളത്.
ഇതോടൊപ്പം ഓറഞ്ച് ലൈനില്‍ പുതിയ പത്ത് സ്റ്റേഷനുകള്‍ തിങ്കളാഴ്ച മുതല്‍ ലുസൈല്‍ ട്രാമിന്റെ ഭാഗമായി. നൈഫ, ഫോക്സ് ഹില്‍സ് സൗത്ത്, ഡൗണ്ടൗണ് ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്സ് ഹില്‍സ് - നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക് - നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന് എന്നിവയാണ് പുതിയ സ്റ്റേഷനുകള്‍. ഇതോടെ ലുസൈല്‍ ട്രാമിന്റെ ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.