ദോഹ: കടലിന്റെ അത്ഭുതലോകത്തേക്ക് സന്ദർശകരെ നയിക്കുന്ന ഹമദ് തുറമുഖത്തിലെ വിസിറ്റേഴ്സ് സെന്റർ ഇനി ആഴ്ചയിൽ ഏഴ് ദിവസവും പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്ന് ഖത്തർ തുറമുഖ മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തർ അറിയിച്ചു. ബലിപെരുന്നാൾ അവധിക്കാലത്ത് സന്ദർശകരുടെ എണ്ണത്തിലുണ്ടായ റെക്കോഡ് വർധന കണക്കിലെടുത്താണ് പുതിയ തീരുമാനം. മവാനി ഖത്തർ-ഹമദ് പോർട്ട് വിസിറ്റേഴ്സ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ഹമദ് പോർട്ട് വിസിറ്റേഴ്സ് സെന്ററിലെത്തുന്ന എല്ലാ സന്ദർശകരും മുൻകൂട്ടി വെബ്സൈറ്റിൽ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ രജിസ്റ്റർ ബട്ടൻ ക്ലിക്ക് ചെയ്ത് പുതിയ അക്കൗണ്ട് സൃഷ്ടിക്കുക. തുടർന്ന് ഹമദ് പോർട്ട് വിസിറ്റേഴ്സ് സെന്ററിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് 30 റിയാലും 13 വയസ്സിന് മുകളിലുള്ളവർക്ക് 50 റിയാലുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. സ്കൂളുകൾ, കമ്പനികൾ എന്നിവിടങ്ങളിൽനിന്നുള്ള ഗ്രൂപ് ബുക്കിങ്ങിനായി +974 4045 3333 എന്ന നമ്പറിലോ അല്ലെങ്കിൽ visitors.center@mwani.com.qa എന്ന ഇ-മെയിലിലോ ബന്ധപ്പെടണം. 2022 നവംബറിലാണ് ഹമദ് തുറമുഖത്തിന് സമീപം ഹമദ് വിസിറ്റേഴ്സ് സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഹമദ് തുറമുഖത്ത് സഞ്ചാരികൾക്കും സന്ദർശകർക്കും അപൂർവ അനുഭവം നൽകുന്ന ഒന്നാണ് വിസിറ്റേഴ്സ് സെന്റർ. ലോകകപ്പിന് തൊട്ടുമുമ്പായി നവംബർ മാസത്തിലായിരുന്നു ഈ അതിശയ ലോകം കാഴ്ചക്കാർക്കായി തുറന്നുനൽകിയത്. ആധുനികമായി രൂപകൽപന ചെയ്ത വിനോദകേന്ദ്രത്തിൽ ഖത്തറിന്റെ സമുദ്രനേട്ടങ്ങൾ പ്രദർശിപ്പിക്കുന്നു.
രാജ്യത്തെ ആദ്യ സമുദ്ര അക്വേറിയം, മാരിടൈം മ്യൂസിയം, ഫോർ ഡി സിനിമ, കുട്ടികളുടെ കളിസ്ഥലം, അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ഇന്ററാക്ടിവ് സിമുലേറ്ററുകളും ഉൾക്കൊള്ളുന്ന മൾട്ടി പർപസ് ഹാൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളും വിസിറ്റേഴ്സ് സെന്ററിലുണ്ട്.
കടലിനുള്ളിൽ ഒരു കാൽനട യാത്രപോലെ സന്ദർശകന് അനുഭവപ്പെടുന്നതാണ് അക്വേറിയത്തിലെ സഞ്ചാരം. വ്യത്യസ്ത വലുപ്പത്തിലുള്ള 17 ബേസിനുകളിലായി സജ്ജീകരിച്ച അക്വേറിയം 80 ഇനം മത്സ്യങ്ങളെയും ജലജീവികളെയും പ്രദർശിപ്പിക്കുന്നു. 1284 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മാരിടൈം മ്യൂസിയം ഹമദ് തുറമുഖം, ഷിപ്പിങ് കണ്ടെയ്നർ, കണ്ടെയ്നർ ഷിപ്, തുറമുഖത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം സന്ദർശകന് പരിചയപ്പെടുത്തുന്നു.
കളിയും തമാശയുമായി കടലറിവുകളുടെ ആഴങ്ങളിലേക്കുള്ള സഞ്ചാരമാണ് ഫോർ ഡി സിനിമയുടെ അനുഭവം നൽകുന്നത്. ഒരേസമയം നിരവധി പേർക്ക് ഫോർഡി ദൃശ്യവിസ്മയം ആസ്വദിക്കാൻ കഴിയും. ഇതിനു പുറമെ ഗിഫ്റ്റ് ഷോപ്, ഓഡിറ്റോറിയം, കുട്ടികൾക്കുള്ള ഔട്ട് ഡോർ കളിസ്ഥലം, എന്നിവയും അടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.