ദോഹ: കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള പുതിയ തരം കോവിഡ്് പരിശോധന ഖത്തർ നടപ്പാക്കുന്നു. ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന ആദ്യരാജ്യങ്ങളിൽ ഇതോടെ ഖത്തറും ഉൾപ്പെടുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം എടുത്തുള്ള പരിശോധനയാണ് നടക്കുന്നത്. ഇതിനു പകരം പരിശോധന ആവശ്യമായ കുട്ടികളുടെ ഉമിനീർ എടുത്താണ് കോവിഡ് പരിശോധന നടത്തുക. അസ്വസ്ഥത പൂർണമായും ഇല്ലാത്ത പരിശോധനയാണിത്. നിലവിൽ മൂക്കിലൂടെയും തൊണ്ടയുടെ പിറകുവശത്തുകൂടെയും പ്രത്യേക ട്യൂബ് കടത്തിയാണ് സ്രവം ശേഖരിക്കുന്നത്. ഇത് അൽപം അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയാണ്.
എന്നാൽ, ഉമിനീർ എടുത്താണ് പുതിയ രീതിയിൽ കോവിഡ് പരിശോധന എന്നതിനാൽ കുട്ടികൾക്ക് അത് തീരെ അസ്വസ്ഥത ഉണ്ടാക്കുകയില്ല. പുതിയ രീതിപ്രകാരം വായിൽനിന്ന് ഉമിനീർ ഒരു പാത്രത്തിൽ ശേഖരിച്ചാൽ മതി. ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന സംബന്ധിച്ച് ലോകത്ത് കൂടുതൽ പഠനം നടക്കുകയാണ്. രാജ്യത്തെ കോവിഡ്-19 രോഗികളിൽ മൂന്നു മുതൽ നാലു ശതമാനം വരെ 14 വയസ്സിനു താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെൻറർ നേരത്തേ അറിയിച്ചിരുന്നു.
അന്താരാഷ്ട്രതലത്തിൽ തന്നെ കോവിഡ്-19 ബാധിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അതിൽതന്നെയും വളരെ ചുരുക്കം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. കണക്കുകൾ ആശാവഹമാണെങ്കിലും കുട്ടികൾക്ക് രോഗത്തെ തടയാൻ കഴിയുമെന്ന് ഇതിനർഥമില്ല. അൽ സദ്ദിലെ പീഡിയാട്രിക് എമർജൻസി സെൻററിൽ കോവിഡ്-19 ലക്ഷണങ്ങളുമായി കുട്ടികളെത്തുന്നുണ്ട്.
കുട്ടികളുടെ കാര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. കുട്ടികളിൽ കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾ വളരെ കുറവാണെങ്കിലും വൈറസിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ളവരെപ്പോലെ കുട്ടികളും ഉൾപ്പെടും. രക്ഷിതാക്കളിലേക്കും മുതിർന്നവരിലേക്കും കുട്ടികൾ വഴി വൈറസ് എത്താനിടയുണ്ട്. മറ്റു ദീർഘകാല രോഗമുള്ള കുട്ടികളിൽ വൈറസ് സാന്നിധ്യം സ് ഥിരീകരിക്കുന്നതോടെ അവരുടെ ആരോഗ്യം കൂടുതൽ വഷളാകും.
രാജ്യത്തെ കുട്ടിരോഗികളിലധികവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇക്കാരണത്താൽ കുട്ടികളെ വീടുകളിലിരുത്തുന്നതാണ് ഏറെ ഉത്തമം. അവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സാമൂഹിക അകലമടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് അനിവാര്യമാണ്. കോവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കുട്ടികളിലേക്ക് പകർന്നുനൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
രാജ്യത്തെ കുട്ടി കോവിഡ്-19 രോഗികൾക്ക് ചികിത്സ നൽകുന്നതിനായി അൽ സദ്ദ് പീഡിയാട്രിക് എമർജൻസി സെൻററിൽ ഏപ്രിൽ മുതൽ പ്രത്യേക സേവനം ആരംഭിച്ചിരുന്നു. ഏറ്റവും മികച്ച ചികിത്സയാണ് അൽ സദ്ദ് പി.ഇ.സിയിലും നൽകുന്നത്. നിലവിലുള്ള രീതിയിൽ മൂക്കിൽനിന്നും തൊണ്ടയിൽനിന്നും പരിശോധനക്കായി സ്രവം എടുക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥിതിയാണ്. കുട്ടികളുടെ ഉമിനീർ ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്ന രീതി വരുന്നതോടെ അത് ഏറെ ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.