ദോഹ: കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസുകൾ ഖത്തറിൽ നൽകിത്തുടങ്ങി. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശാനുസരണം ബുധനാഴ്ച മുതലാണ് ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്ക് പ്രതിരോധ മരുന്നുകളുടെ മൂന്നാം ഡോസ് കുത്തിവെച്ച് ആരംഭിച്ചത്. ഖത്തർ സർവകലാശാലാ മുൻ പ്രസിഡൻറ് ഡോ. അബ്ദുല്ല ജുമാ അൽ കുബൈസി ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആദ്യ വ്യക്തിയായി. ബുധനാഴ്ച രാവിലെ മദീന ഖലീഫ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നായിരുന്നു അദ്ദേഹം മൂന്നാം ഡോസ് കുത്തിവെപ്പെടുത്തത്. ഹൈ റിസ്ക് വിഭാഗങ്ങളിൽ രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം പൂർത്തിയായവർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകുന്നത്. 65 വയസ്സ് കഴിഞ്ഞവർ, മാറാരോഗങ്ങൾ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. ഫൈസർ, മൊഡേണ വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസെടുത്ത് എട്ടു മുതൽ 12 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് നിർദേശം. മൂന്നാം ഡോസിന് ശേഷം പ്രയാസങ്ങളൊന്നും തോന്നിയില്ല. പാർശ്വ ഫലങ്ങളുമില്ല. ആരോഗ്യകരമായൊരു അനുഭവമാണുള്ളത് -കുത്തിവെപ്പിനു ശേഷം ഡോ. അബ്ദുല്ല ജുമാ അൽ കുബൈസി പറഞ്ഞു. കോവിഡ് വാക്സിെൻറ ആദ്യ ഡോസ് ഒന്നാം ദിനത്തിൽതന്നെ സ്വീകരിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. ഡിസംബർ 23നായിരുന്നു അത്.
ഡെൽറ്റ ഉൾപ്പെടെ കോവിഡിെൻറ തീവ്ര വകഭേദങ്ങളെ ബൂസ്റ്റർ ഡോസിലൂടെ ചെറുക്കാനാവുമെന്നും ആദ്യ രണ്ട് ഡോസുകളെക്കാൾ ബൂസ്റ്റർ ഡോസിലൂടെ പ്രതിരോധ ശേഷി ഉയരുമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.