ദോഹ: 14-ാമത് ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന് (മർമി-2023) സീലൈനിലെ സബ്ഖത് മർമിയിൽ തുടക്കമായി. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 28ന് സമാപിക്കും. കായികവും സംസ്കാരവും പാരമ്പര്യവും സമന്വയിക്കുന്ന ഫെസ്റ്റിവലിൽ വിജയിയാകുന്ന ഫാൽക്കണിന് ഒരു ലക്ഷം ഖത്തർ റിയാൽ (ഏകദേശം 22 ലക്ഷം രൂപ) ആണ് പാരിതോഷികമായി ലഭിക്കുക.
ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ വിവിധ കാറ്റഗറികളിലുള്ള ഫാൽക്കണുകൾക്കായി ഒട്ടേറെ മത്സരങ്ങൾ നടക്കും. രാവിലെ അഞ്ചുമണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ജനുവരി 28ന് കത്താറ ഹാളിൽ ഏറ്റവും മനോഹരമായ ഫാൽക്കണുകൾക്കായുള്ള അന്താരാഷ്ട്ര മത്സരം നടക്കും.
ഗൾഫ് മേഖലയിലുടനീളമുള്ള ഡസൻ കണക്കിന് മത്സരാർഥികളാണ് ഫെസ്റ്റിവലിൽ മാറ്റുരക്കാനെത്തിയിട്ടുള്ളത്. ഫാൽക്കണുകളുടെ വേഗമളക്കുന്ന മത്സരങ്ങൾക്കൊപ്പം പറത്തിവിടുന്ന പ്രാവിനെ പിടിക്കാനോ ഒരിടത്ത് ഒതുക്കാനോ കഴിയുന്ന ഫാൽക്കണിനെ വിജയിയായി പ്രഖ്യാപിക്കുന്നതടക്കമുള്ള മത്സരങ്ങൾ ആവേശമേറിയതാണ്. ഫാൽക്കൺ ഫെസ്റ്റിവലിലും ഇരയെ വേട്ടയാടുന്ന ഹണ്ടിങ് ഫെസ്റ്റിവലിലും ജേതാവാകുന്നവർക്ക് വമ്പൻ കാഷ് പ്രൈസും പിന്നെ അഭിമാനകരമായ കിരീടവും നൽകും.
ഹണ്ടിങ് കോമ്പിറ്റീഷന്റെ ഭാഗമായ സലൂക്കി റേസിങ്ങിൽ അറേബ്യൻ സലൂക്കി നായ്ക്കളെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. രണ്ട് കിലോമീറ്ററോളം, മാനുകളെ പിന്തുടരുകയും അവയ്ക്കൊപ്പമെത്തുകയുമാണ് ഈ മത്സരത്തിൽ വിജയിക്കാനുള്ള മാനദണ്ഡം. 2008ൽ, പരമ്പരാഗത അറേബ്യൻ നായാട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ‘അൽ ഗന്നാസ്’ എന്ന പേരിൽ സാംസ്കാരിക കൂട്ടായ്മ ആരംഭിച്ചത്. പ്രാദേശികവും ആഗോളവുമായ ഹണ്ടിങ് മത്സരങ്ങളിൽ അറബ് വേട്ടക്കാരെ പ്രതിനിധീകരിക്കുന്നത് അസോസിയേഷനാണ്.
ഈ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സജീവമാക്കി നിർത്തുന്നതിനും തങ്ങളുടേതായ ഇവന്റുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. വേട്ടയാടലിന് ആവശ്യമായ മികച്ച സൗകര്യങ്ങളും ഉപകരണങ്ങളും അസോസിയേഷൻ ഒരുക്കുന്നുണ്ട്. ഈ മേഖലയിലെ ഗവേഷണങ്ങളെയും പഠനങ്ങളെയും അൽ ഗന്നാസ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.