ദോഹ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. മുൻ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. മൗന പ്രാർഥനയോടെ ഓൾഡ് ഐഡിയൽ സ്കൂൾ ഡൈനാമിക് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് അധ്യക്ഷത വഹിച്ചു.
ജോൺഗിൽബർട്ട് അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ആധുനിക ഭാരതത്തിന്റെ ശിൽപിയായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ സമസ്ത മേഖലകളിലേയും പുരോഗതിയുടെ പുതിയ പാതകൾ വെട്ടിത്തെളിയിച്ച് രാജ്യത്തെ വേഗത്തിൽ വളരുന്ന വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച രാഷ്ട്രനേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൊണ്ണൂറുകളിൽ രാജ്യം നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ കരകയറ്റിയതും പുരോഗതിയുടെ പാതയിലേക്ക് ഉയർത്തിയതും സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിങ്ങിന്റെ ദീർഘവീക്ഷണ നയങ്ങളും പരിഷ്കാരങ്ങളുമായിരുന്നുവെന്ന് ജോൺഗിൽബർട്ട് അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനാർ, ജില്ല കമ്മിറ്റി, യൂത്ത് വിങ് ഭാരവാഹികൾ എന്നിവരും സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.