ദോഹ: പകലിലും രാത്രിയിലും നല്ല തണുപ്പുള്ള കാലം. ഏഷ്യൻ കപ്പ് ഫുട്ബാളും ദോഹ എക്സ്പോയും ഉൾപ്പെടെ ആഘോഷവേളകൾ. ഈ ജനുവരിമാസത്തെ കൂടുതൽ തിളക്കത്തോടെ വരവേൽക്കുകയാണ് ഓൾഡ് ദോഹ പോർട്ട്.
ഡിസംബറിൽ തുടങ്ങിയ വിന്റർ ഫെസ്റ്റിവൽ ഞായറാഴ്ച അവസാനിക്കുമെങ്കിലും വൈവിധ്യമാർന്ന പരിപാടികൾ വരുംദിനങ്ങളിൽ സജീവമാകും. വേൾഡ് വൈഡ് വാൾസ് മ്യൂറൽ ഫെസ്റ്റിവലിൽനിന്നുള്ള 13 പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ ചുമർചിത്രങ്ങൾ ദോഹ തുറമുഖത്തെ വർണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.
തുറമുഖത്തിന്റെ സവിശേഷമായ പശ്ചാത്തലത്തിൽ, ദിവസേന നാലുതവണ നടക്കുന്ന ഡൈനാമിക് റോമിങ് പരേഡ് ശൈത്യകാല ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന കസ്റ്റം ഷോ പരേഡിന്റെ തുടർച്ചയായി, ജനുവരി 19ന് പ്രദർശനം വീണ്ടും തുറമുഖത്ത് തിരിച്ചെത്തും. അപൂർവമായ ക്ലാസിക് കാറുകളുടെ ഒരു നിരതന്നെ പരേഡിൽ പങ്കെടുക്കും. ക്ലാസിക് കാർ പ്രേമികൾ കാത്തിരിക്കുന്ന പ്രദർശനങ്ങളിലൊന്ന് കൂടിയാണ് കസ്റ്റം ഷോ.
കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യൻ കപ്പ് ഭാഗ്യമുദ്രകളുടെ പ്രത്യേക പരിപാടിയും പഴയ ദോഹ തുറമുഖത്ത് നടന്നു. വൈകുന്നേരം നാലിനും രാത്രി 10നും ഇടയിലാണ് പരിപാടി നടക്കുക. സബൂഗ് കുടുംബമാണ് ഇത്തവണ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
എ.എഫ്.സി ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന മറ്റ് പരിപാടികൾ ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കും. വിസിറ്റ് ഖത്തർ പട്ടം പറത്തൽ ഉത്സവമാണ് ദോഹ തുറമുഖം കാത്തിരിക്കുന്ന മറ്റൊരു പ്രധാന പരിപാടി. ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നുവരെ പത്ത് ദിവസം നീളുന്ന കൈറ്റ് ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 60 ഭീമൻ പട്ടങ്ങൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.