ദോഹ: പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് നടത്തുന്ന പ്രദർശനത്തിൽ അപൂർവ ശേഖരങ്ങളുമായി ഖത്തറിലെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയവും പങ്കുചേരും. പാരിസിൽ ജൂലൈ 30 മുതൽ ആഗസ്റ്റ് 25 വരെയാണ് പ്രദർശനം.
പ്രദർശനത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും മുൻകാല ഒളിമ്പിക് നേട്ടങ്ങളുമായി ബന്ധപ്പെട്ട അപൂർവ ശേഖരങ്ങൾ ഉൾപ്പെടെ 19,000ത്തിലധികം വിശിഷ്ട വസ്തുക്കൾ മ്യൂസിയത്തിലുണ്ടെന്നും ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം മേധാവി അബ്ദുല്ല അൽ മുല്ല ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ഒളിമ്പിക് മ്യൂസിയത്തിൽനിന്ന് കടമെടുത്ത 3000 അപൂർവ ശേഖരങ്ങളും ഖത്തർ ഒളിമ്പിക് മ്യൂസിയത്തിന്റെ പ്രദർശനം മികവുറ്റതാക്കും.
1984ൽ ലോസ് ആഞ്ജലസിൽ നടന്ന ഒളിമ്പിക്സിലെ ഖത്തറിന്റെ ആദ്യ പങ്കാളിത്തത്തിന്റെ ബാക്കിപത്രം, 1960ലെ റോം ഒളിമ്പിക്സിൽ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ഉപയോഗിച്ച ഗ്ലൗസ്, ഖത്തറിന്റെ ഹൈജംപ് സൂപ്പർ താരം മുഅ്തസ് ബർഷിം 2020ൽ നേടിയ സ്വർണ മെഡൽ തുടങ്ങിയവ പ്രദർശനത്തിലിടം നേടും. ഒളിമ്പിക് മൂവ്മെന്റ് സ്ഥാപകൻ പിയറി ഡി. കുബർട്ടിൻ എഴുതിയ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽനിന്ന് അറബിയിലേക്ക് വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടത്തും.
ആഗസ്റ്റ് 1ന് നടക്കുന്ന പ്രകാശന ചടങ്ങിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽ ഥാനിയടക്കമുള്ള ഖത്തർ പ്രതിനിധികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.