ദോഹ: ഖത്തർ ദേശീയ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന പ്രദർശനമായ ‘ഓൺ ദി മൂവ്’ മംഗോളിയയിലെ ഉലാൻബാതർ ദേശീയ മ്യൂസിയത്തിൽ പുരോഗമിക്കുന്നു. ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി 2022 ഒക്ടോബറിൽ ഖത്തറിലെ നാഷനൽ മ്യൂസിയത്തിൽ തുടക്കം കുറിച്ച ‘ഓൺ ദി മൂവ്’ ഒരു വർഷത്തോളം ദോഹയിൽ പ്രദർശിപ്പിച്ച ശേഷമാണ് അന്താരാഷ്ട്ര പര്യടനത്തിനിറങ്ങിയത്.
ഉത്തരാഫ്രിക്കയിൽ നിന്നും മിഡിലീസ്റ്റിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നുമുള്ള നാടോടി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ചിത്രീകരണത്തിലൂടെ മേഖലയുടെ ചരിത്രം കാഴ്ചക്കാരനിലേക്ക് പകരുന്നതാണ് ഇത്. ഫിഫ ലോകകപ്പ് വേളയിൽ പ്രദർശനം പ്രത്യേകം ശ്രദ്ധ നേടുകയും ആ വർഷം ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ മ്യൂസിയമായി ദേശീയ മ്യൂസിയം മാറുകയും ചെയ്തിരുന്നു.ഖത്തറിന് പുറത്ത് ആദ്യമായി പ്രദർശിപ്പിക്കുന്ന ഓൺ ദി മൂവ് ഖത്തറിലെ നാടോടികളായ ഇടയന്മാരുടെ ജീവിതം സന്ദർശകരിലെത്തിക്കുന്നു.പുരാതന വസ്തുക്കൾ, ചരിത്ര ചിത്രങ്ങൾ, ആർക്കൈവൽ ഫൂട്ടേജ് എന്നിവ ഉൾപ്പെടുന്നതാണ് പ്രദർശനം.
നാടോടി ജീവിതങ്ങളിലെ പാരമ്പര്യങ്ങളും, സാമൂഹിക മൂല്യങ്ങളും ദൈനംദിന ദിനചര്യകളും വിശ്വാസങ്ങളും ഉൾപ്പെടെ നാടോടി ജീവിതം പരിചയപ്പെടുത്തുന്നതാണിത്. പ്രദർശനം ആഗസ്റ്റ് 11 വരെ മംഗോളിയയിലെ ദേശീയ മ്യൂസിയത്തിൽ തുടരും. ഭൂതകാലത്തിലൂടെ സന്ദർശകരെ സവിശേഷമായ ചരിത്രയാത്രയിലേക്ക് കൊണ്ടുപോകുന്ന പ്രദർശനമാണ് ഓൺ ദി മൂവ് എന്ന് ഖത്തർ ദേശീയ മ്യൂസിയം മേധാവി ശൈഖ് അബ്ദുൽ അസീസ് ആൽഥാനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.